Friday, April 4, 2025

HomeNewsKeralaമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

spot_img
spot_img

പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്‌കര്‍ ( ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ- 92 ) അന്തരിച്ചു.

തിരുവനന്തപുരത്ത് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്നു അദ്ദേഹം. പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

എഴു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ ദ് ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ്, യുഎൻഐ, ഡെക്കാൺ ഹെറാൾഡ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. ‌ബംഗ്ലദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച മുജീബുൽ റഹ്മാനുമായുള്ള അഭിമുഖം, ഭാരതീയനായ ഡോ.ഹർഗോവിന്ദ് ഖുറാനയ്ക്കു നൊബേൽ ലഭിച്ച വാർത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറിൽ നിന്നുള്ള റിപ്പോർട്ടുകൾ തുടങ്ങിയവ ശ്രദ്ധേയമാണ്.

തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ 1932 മാർച്ച് 12 നാണ് എ.കെ.ഭാസ്കറിന്റെയും മീനാക്ഷിയുടെയും മകനായി ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആർ‌പി ഭാസ്കർ‌ ജനിച്ചത്. ഈഴവസമുദായ നേതാവും സാമൂഹിക പരിവർത്തനവാദിയുമായിരുന്ന എ.കെ.ഭാസ്കർ നവഭാരതം എന്ന പത്രത്തിന്റെ ഉടമ കൂടിയായിരുന്നു.

1951 ൽ കൊല്ലം എസ്എൻ കോളജിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിഎസ്‌സി പഠനത്തിനു ശേഷം ഇംഗ്ലിഷ് പത്രപ്രവർത്തനം ലക്ഷ്യമിട്ട് 1952 ൽ ദ് ഹിന്ദുവിൽ ട്രെയിനിയായി ചേർന്നു. 1958 ൽ കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പോടെ ഫിലിപ്പീൻസിൽ പോയി. 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എംഎ നേടി.തിരിച്ചെത്തി പേട്രിയറ്റിൽ ചേർ‌ന്നു. പിന്നീട് അവിടെനിന്ന് രാജിവച്ച് യുഎൻഐയിലെത്തി. 18 വർഷം അവിടെ പ്രവർത്തിച്ച ശേഷം ഡെക്കാൻ ഹെറാൾഡിൽ അസോഷ്യേറ്റ് എഡിറ്ററായി. 1991 ൽ വിരമിച്ചു.

പിന്നീട് ഒരു വർഷത്തോളം ആന്ധ്ര പ്രദേശ് ടൈംസിന്റെ ഡയറക്ടറായിരുന്നു. തുടർന്ന് ഏഷ്യാനെറ്റിൽ എഡിറ്റോറിയൽ കൺസൽറ്റന്റായിരുന്നു. ചരിത്രം നഷ്ടപ്പെട്ടവർ, ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ, ദ് ചേയ്ഞ്ചിങ് മീഡിയസ്കേപ് എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ രമ. മകൾ ബിന്ദു ഭാസ്കർ ബാലാജി മാധ്യമപ്രവർത്തകയായിരുന്നു. 2019 ൽ അന്തരിച്ചു. മരുമകൻ: ഡോ.കെ.എസ് ബാലാജി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments