തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ പൊരിഞ്ഞ പോരാട്ടമാണ് കേരളത്തിൽ കാണുന്നത്. സംസ്ഥാനത്ത് പലയിടത്തും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ഇതിനു പിന്നാലെ വന്ന എക്സിറ്റ് പോളുകളിലെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ് കേരളത്തിലെ ബിജെപി നേതൃത്വം. ഇതിന്റെ ഭാഗമായി കേരളത്തിൽ താമര വിരിഞ്ഞാൽ ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബിജെപി നേതൃത്വം.
ഇതിനു മുന്നോടിയായി 3000 ലഡുവിന് ഓര്‍ഡര്‍ നൽകിയതായാണ് തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ജയിച്ചില്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി ഭരണം തുടരുമെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതിനാൽ തന്നെ ലഡു പാഴാകില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്. ഇത്തവണ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം നേതൃത്വത്തിനുണ്ട്.
പ്രധാന നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ട്. വി മുരളീധരന്‍ തിരുവനന്തപുരത്ത് തന്നെയുണ്ട്. രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ചയോടെ തലസ്ഥാനത്തെത്തി. കെ. സുരേന്ദ്രനും തിരുവനന്തപുരത്തേക്ക് എത്തുമെന്ന് സി ശിവന്‍കുട്ടി പറഞ്ഞു. പുതിയ സംസ്ഥാന കാര്യായത്തിലാണ് ആഘോഷങ്ങള്‍ നടക്കുക. ചെണ്ട മേളം, എല്‍ഇഡി വാളിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം പോസ്റ്റൽ വോട്ടുകളാവും എണ്ണിത്തുടങ്ങിയത്.