ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് പുരോഗമിക്കുമ്പോൾ ഏകപക്ഷിയമായ വിജയമാണ് തൃശൂരില്‍ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി കാഴ്ചവയ്ക്കുന്നത്. ഒരു മണി വരെയുള്ള കണക്കുകൾ പ്രകാരം 74000 കടന്നു. രണ്ടാം സ്ഥാനത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറാണ്. വടകരയിൽ നിന്നും തൃശ്ശൂരിലെത്തിയ യു ഡി എഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.
എന്നാൽ ഇതുവരെയുമായി മാധ്യമങ്ങളോട് പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായില്ല. ഇപ്പോഴിതാ തിരുവനന്തപുരത്തെ വീട്ടിൽ മധുരം വിളമ്പി ആഘോഷിക്കുകയാണ് സുരേഷ് ഗോപിയും കുടുംബവും. ഭാര്യ രാധികയും മക്കളും മരുമകനും ചേര്‍ന്നാണ് പായസം വിതരണം ചെയ്തത്. വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കി ആഹ്ലാദം പങ്കിട്ടു. തുടര്‍ന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നുമാണ് വ്യക്തമാക്കിയത്.