Friday, April 4, 2025

HomeNewsKeralaവീണ്ടും 'കനൽ ഒരു തരി'; സിപിഎമ്മിൽ തോറ്റത് എട്ട് പ്രമുഖരടക്കം 15 പേർ

വീണ്ടും ‘കനൽ ഒരു തരി’; സിപിഎമ്മിൽ തോറ്റത് എട്ട് പ്രമുഖരടക്കം 15 പേർ

spot_img
spot_img

തിരുവനന്തപുരം: 2019ലേതിന് സമാനമായി ഇത്തവണയും കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് ഒരേയൊരു സിപിഎം അംഗം. കഴിഞ്ഞ തവണ ‘കനലൊരു തരി’ ആലപ്പുഴയിൽ നിന്ന് എ എം ആരിഫ് ആയിരുന്നെങ്കിൽ ഇത്തവണ ആ കനൽ കെട്ടു. പകരം മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂർ മണ്ഡലം തിരികെ പിടിച്ചതുമാത്രമാണ് സിപിഎമ്മിന് ഇത്തവണ ആശ്വസിക്കാനുള്ളത്. ഒരു പോളിറ്റ് ബ്യൂറോ അംഗം, മൂന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മൂന്ന് ജില്ലാ സെക്രട്ടറിമാർ, 3 എംഎൽഎമാർ എന്നിങ്ങനെ വമ്പൻ നേതാക്കൾക്കൊന്നും ഇത്തവണ അഭിമാന പോരാട്ടത്തില്‍ ജയിച്ചുകയറാനായില്ല.

മാനം കാത്തത് രാധാകൃഷ്ണൻ

ചേലക്കരയിൽ നിന്നുള്ള നിയമസഭാംഗവും പിണറായി മന്ത്രിസഭയിലെ ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനാണ് ഇത്തവണ പാർട്ടിയുടെ രക്ഷകനായത്. മറ്റിടങ്ങളിൽ വമ്പൻമാരെല്ലാം വീണപ്പോഴും വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തന്റെ ലീഡ് മുറുകെ പിടിച്ചു കൊണ്ട് രാധാകൃഷന്‍ ഇടതുമുന്നണിയുടെ മാനം കാത്തു. 19,587 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷണന്റെ വിജയം. 3,98,818 വോട്ടുകളാണ് അദ്ദേഹം നേടിയത്. നിലവില്‍ മന്ത്രി സ്ഥാനം ഉള്ളൊരു വ്യക്തി വീണ്ടും ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും കൈവിട്ടു പോയ ആലത്തൂര്‍ മണ്ഡലത്തെ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് മുന്നിൽ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. ഇപ്പോള്‍ എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍ തെറ്റിയില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് കെ രാധാകൃഷ്ണന്റെ വിജയം.

പ്രമുഖർക്ക് വമ്പൻ തോൽവി

ഇത്തവണ 16 സിപിഎം സ്ഥാനാർത്ഥികളില്‍ ഒരേയൊരു പിബി അംഗമാണുണ്ടായിരുന്നത്. പാലക്കാട് മത്സരിച്ച എ വിജയരാഘവൻ. ഒരുകാലത്ത് പാർട്ടിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ 75,274 വോട്ടുകൾക്കാണ് വിജയരാഘവൻ, സിറ്റിങ് എം പി വി കെ ശ്രീകണ്ഠനോട് പരാജയപ്പെട്ടത്. വി കെ ശ്രീകണ്ഠൻ 4,18,072 വോട്ടുകൾ നേടിയപ്പോൾ 3,42,798 വോട്ടുകളാണ് വിജയരാഘവന് ലഭിച്ചത്.

മത്സരിച്ച മൂന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളും പരാജയം രുചിച്ചു. പത്തനംതിട്ടയിൽ മത്സരിച്ച ടി എം തോമസ് ഐസക് സിറ്റിങ് എം പി ആന്റോ ആന്റണിയോട് 66,119 വോട്ടുകൾക്കാണ് തോൽവി അറിഞ്ഞത്. ഏറ്റവും വാശിയേറിയ മത്സരം നടന്ന വടകരയിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ യുവ എംഎൽഎ ഷാഫി പറമ്പിലിനോട് 1,15,157 വോട്ടുകൾക്ക് അടിയറവ് പറഞ്ഞു. ഷാഫിക്ക് 5,52,490 വോട്ടുകളും ശൈലജക്ക് 4,37,333 വോട്ടുകളുമാണ് ലഭിച്ചത്.

മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന് കോഴിക്കോട് വമ്പൻ പരാജയം നേരിടേണ്ടിവന്നു. സിറ്റിങ് എം പിയായ എം കെ രാഘവനോട് 1,46,176 വോട്ടുകൾക്കാണ് കരീം തോറ്റത്. എം കെ രാഘവൻ 5,20,421 വോട്ടുകളും എളമരം കരീം 3,74,245 വോട്ടുകളുമാണ് നേടിയത്.

എൻ കെ പ്രേമചന്ദ്രനിൽ നിന്ന് കൊല്ലം മണ്ഡലം പിടിച്ചെടുക്കാനായി സിപിഎം നിയോഗിച്ച സിറ്റിങ് എംഎൽഎ എം മുകേഷിനും കാലിടറി. 1,50,302 വോട്ടുകള്‍ക്കാണ് മുകേഷിന്റെ പരാജയം. പ്രേമചന്ദ്രന് 4,43,628 വോട്ടുകളും മുകേഷിന് 2,93,326 വോട്ടുകളുമാണ് കിട്ടിയത്.

ആലപ്പുഴയിലെ കനലണഞ്ഞു

കഴിഞ്ഞ തവണ യുഡിഎഫ് തരംഗത്തിനിടയിലും വിജയം നേടി പാർട്ടിയുടെ അഭിമാനം കാത്ത എ എം ആരിഫിന് ഇത്തവണ ആലപ്പുഴയിൽ കാലിടറി. കെ സി വേണുഗോപാലിനോട് 63,513 വോട്ടുകൾക്കാണ് ആരിഫ് പരാജയപ്പെട്ടത്. കെ സി വേണുഗോപാൽ 4,04,560 വോട്ടുകളും ആരിഫ് 3,41,047 വോട്ടുകളുമാണ് നേടിയത്.

ജില്ലാ സെക്രട്ടറിമാർക്കും പരാജയം

ഇത്തവണ മത്സരരംഗത്തിറങ്ങിയ സിപിഎമ്മിന്റെ മൂന്ന് ജില്ലാ സെക്രട്ടറിമാർക്കും ജയിച്ചുകയറാനായില്ല. കണ്ണൂരിൽ എം വി ജയരാജൻ കെ സുധാകരനോട് 1,08,265 വോട്ടുകൾക്കാണ് തോറ്റത്. കാസർഗോഡ് ജില്ലാ സെക്രട്ടറിയായ എം വി ബാലകൃഷ്ണൻ മാസ്റ്റര്‍ 93,869 വോട്ടുകൾക്കാണ് രാജ്മോഹൻ ഉണ്ണിത്താനോട് പരാജയപ്പെട്ടത്. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന വി ജോയ് ആറ്റിങ്ങലിൽ ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഫോട്ടോഫിനിഷിൽ സിറ്റിങ് എംപി അടൂർ പ്രകാശിന് മുന്നിൽ വീണു. ലീഡ് നില മാറി മറിഞ്ഞ പോരാട്ടത്തിനൊടുവിൽ വെറും 1708 വോട്ടുകൾക്കാണ് ജോയിയുടെ തോൽവി.

മുൻവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനും ചാലക്കുടിയിൽ ജയിച്ചുകയറാനായില്ല. ഇവിടെ ബെന്നി ബഹന്നാൻ 63,754 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments