കോട്ടയം: പിറവത്തുകാർക്ക് പോത്തിറച്ചിയും പിടിയും ഫ്രീയായി കഴിക്കാൻ സാധിച്ചു. ലോക്സഭ ഫലം പൂർണ്ണമായും പുറത്തുവരും മുമ്പേ പിടിയും ഇറച്ചിയും വിളമ്പി ചാഴിക്കാടന്റെ പരാജയം ആഘോഷിച്ച് ഇടത് കൗണ്‍സിലർ. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ജയിച്ചാൽ 2000 പേർക്ക് പിടിയും പോത്തും വിളമ്പുമെന്ന് പിറവത്തെ ജനകീയ സമിതി പ്രഖ്യാപിച്ചിരുന്നു. ഇടത് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പരാജയം ആഘോഷിച്ച് ഇടത് നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിലാണ് പോത്തിറച്ചിയും പിടിയും വിളമ്പിയത്. കോട്ടയത്തെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഫലസൂചനകൾ പുറത്തുവന്നു തുടങ്ങിയ എട്ടരയോടെ ബസ് സ്റ്റാൻഡിനു മുൻപിൽ വിളമ്പൽ തുടങ്ങിയിരുന്നു.
കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ മകൻ അപു ജോസഫാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പിറവം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ജിൽസ് പെരിയപ്പുറം, നഗരസഭാംഗം രാജു പാണാലിക്കൽ, വിൽസൺ കെ. ജോൺ, ഷാജു ഇലഞ്ഞിമറ്റം, വർഗീസ് തച്ചിലുകണ്ടം, ബേബിച്ചൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. പത്തര വരെ പോത്തിറച്ചി കറിയും പിടിയും വിതരണം നീണ്ടു. വൃദ്ധ സദനമടക്കം ഏതാനും സ്ഥാപനങ്ങളിലും പോത്തിറച്ചി കറിയും പിടിയും എത്തിച്ചുനൽകി. കേരള കോൺഗ്രസ് മാണി വിഭാഗം യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജിൽസ് പെരിയപ്പുറത്തിന് മാണി വിഭാഗവുമായുള്ള അകൽച്ചയാണ് തോമസ് ചാഴികാടന്റെ പരാജയം ആഘോഷമാക്കുന്നതിൽ കലാശിച്ചത്.