ആലപ്പുഴ: ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞിനെ മാതാവ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയുടെ മാതാവിന്റെ മൊഴിയെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് തിരുവനന്തപുരം പാങ്ങോട് സ്വദേശി നജീമുദ്ദീനെതിരേ പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതിനാണ് കേസ്.
കഴിഞ്ഞദിവസം യുവതി, കുഞ്ഞിനെ മര്‍ദിക്കുന്നത് ചിത്രീകരിച്ച് നജീമുദീന് അയച്ചിരുന്നു. ഇത് പലര്‍ക്കും നജീമുദീന്‍ അയച്ചത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിലാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി യുവതി മൊഴിനല്‍കിയത്. തന്നെയും കുഞ്ഞിനെയും സംരക്ഷിക്കാത്തതിന്റെ മാനസിക സമ്മര്‍ദത്തിലാണ് മര്‍ദനം ചിത്രീകരിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
നജീമുദ്ദീനുമായുള്ള വിവാഹത്തിന് യുവതിയുടെ വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നു. എന്നാല്‍, യുവതി 2022 ഏപ്രില്‍ മുതല്‍ ഇയാളുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ കുട്ടിയുണ്ടായശേഷമാണ് നജീമുദ്ദീന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് മനസ്സിലായതെന്ന് യുവതി പോലീസിനോടു പറഞ്ഞു. 2023 ഡിസംബര്‍ മുതല്‍ ഇയാളുമായി തെറ്റി മാന്നാറില്‍ പിതാവിനോടൊപ്പമായിരുന്നു താമസം. മുന്‍പത്തെ വിവാഹങ്ങളിലുണ്ടായ രണ്ടുകുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. യുവതിയുടെ മൂന്നാമത്തെ ഭര്‍ത്താവാണ് നജീമുദീനെന്നും ഇവരുള്‍പ്പെടെ ഇയാള്‍ക്ക് നാലുഭാര്യമാരുണ്ടെന്നും പോലീസ് പറഞ്ഞു.