കൊച്ചി: ഏകീകൃത കുര്‍ബാന സംബന്ധിച്ചുള്ള സര്‍ക്കുലര്‍ വായിക്കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും വിശ്വാസികള്‍ രംഗത്തെത്തിയതോടെ സീറോ മലബാര്‍ സഭയുടെ സര്‍ക്കുലര്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പല പള്ളികളില്‍ വായിച്ചില്ല. സര്‍ക്കുലര്‍ കീറിയും കത്തിച്ചും പ്രതിഷേധിച്ചു. ഇടപ്പള്ളി പള്ളിയില്‍ സര്‍ക്കുലറിനെ അനുകൂലിച്ചും എതിര്‍ത്തും വിശ്വാസികള്‍ എത്തിയതോടെ വാക്കുതര്‍ക്കം കയ്യാങ്കളിയുടെ വക്കോളമെത്തി.
ജൂലൈ മൂന്നു മുതല്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി പിന്തുരണമെന്നും അതിന് തയാറാകാത്ത വൈദികര്‍ സഭക്ക് പുറത്തു പോകുമെന്നുമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഈ സര്‍ക്കുലര്‍ ഇന്ന് വായിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഭൂരിഭാഗം വൈദികരും അല്‍മായ മുന്നേറ്റവും ജനാഭിമുഖ കുര്‍ബാന തുടരണമെന്ന നിലപാടുള്ളവരാണ്. അതുകൊണ്ട് തന്നെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചില്ല. പല പള്ളികളിലും സര്‍ക്കുലര്‍ കത്തിച്ചും കീറിയെറിഞ്ഞും പ്രതിഷേധിക്കുകയും ചെയ്തു.
ഇടപ്പള്ളി പള്ളിക്ക് മുന്നില്‍ കാത്തലിക് നസ്രാണി അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സര്‍ക്കുലര്‍ വായിച്ചതും പള്ളിയിലെത്തിയ ഒരു വിഭാഗം ഈ നീക്കത്തെ എതിര്‍ത്തതും വാക്കുതര്‍ക്കത്തിനിടയാക്കി.