മലപ്പുറം: സാമ്പത്തിക പ്രതിസന്ധിമൂലം ശമ്പളം നല്‍കാനാവാതെ സംസ്ഥാനത്ത് 10 പൊതുമേഖല സ്ഥാപനങ്ങള്‍. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്, ഓട്ടോകാസ്റ്റ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, സീതാറാം ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ്, തൃശൂര്‍ കോഓപറേറ്റിവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ്, മലബാര്‍ കോഓപറേറ്റിവ് ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ് (മാല്‍കോടെക്‌സ്), കേരള സ്റ്റേറ്റ് ബാംബു കോര്‍പറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്, ദ ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ്, ട്രാക്കോ കേബ്ള്‍ കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിലാണ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയത്. വര്‍ഷങ്ങളായി വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിവ.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വ്യവസായ വകുപ്പിന് കീഴിലുള്ള തൃശൂര്‍ കോഓപറേറ്റിവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡും കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്റെ അധീനതയിലുള്ള എടരിക്കോട് ടെക്‌സ്‌റ്റൈല്‍സ്, കോട്ടയം ടെക്‌സ്‌റ്റൈല്‍സ് യൂനിറ്റുകളാണ് ലേ-ഓഫ് ചെയ്തത്. കടം കുതിച്ചുകയറി അസംസ്‌കൃത വസ്തു വാങ്ങാന്‍ പോലും പണമില്ലാതെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന അവസ്ഥയിലുമാണ് സ്ഥാപനങ്ങള്‍ ലേ ഓഫ് ചെയ്തതെന്ന് വ്യവസായ വകുപ്പ് പറയുന്നു.
2023 -24ലെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 35 പൊതുമേഖല സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാണ്. 20 എണ്ണം മാത്രമാണ് ലാഭത്തിലുള്ളത്. കേരള സ്റ്റേറ്റ് കാഷ്യു ഡെവല്‌മെന്റ് കോര്‍പറേഷന്‍ (45.38 കോടി), കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (23.23 കോടി), ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് (22.06 കോടി), കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ (21.31 കോടി), മലബാര്‍ സിമന്റ്‌സ് (19.62 കോടി) എന്നീ പൊതുമേഖല സ്ഥാപനങ്ങളാണ് നഷ്ടത്തില്‍ മുന്നില്‍.