ഡൽഹി: കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ഇത് അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്റ്റാർട്ടപ്പ്, നൂതനത്വം തുടങ്ങിയ മേഖലയിൽ രാജ്യത്തിന് അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങൾ കേരളത്തിനുണ്ട്. അവ നിലനിർത്തുന്നതിനും കൂടുതൽ മുന്നേറുന്നതിനും സഹായകമായ നിലയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാൻ ഉതകുന്ന നിലയിൽ രണ്ട് വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം തേടിയത്. കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ആവശ്യമുന്നയിച്ചത്.
കോവിഡ് ആഘാതത്തിൽനിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പല നയങ്ങളും നടപടികളും തടസ്സമാകുന്നു. കേരളത്തിന് നിയമപ്രകാരം അർഹതപ്പെട്ട പരിധയിലുള്ള വായ്പ പോലും എടുക്കാൻ അനുവാദം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കി. പബ്ലിക് അക്കൗണ്ടിലെ തുകയും, സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽപ്പെടുത്തി, വായ്പാനുവാദത്തിൽ വെട്ടിക്കുറവ് വരുത്തുന്നു. ഇതുമൂലം ഈ വർഷവും അടുത്തവർഷവും 5710 കോടി രൂപ വീതമാണ് വായ്പയിൽ കുറയുന്നത്. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും മുൻകാല കടങ്ങളെ ഈ വർഷത്തെയും അടുത്ത വർഷത്തെയും വായ്പാനുവാദത്തിൽനിന്ന് കുറയ്ക്കുകയെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു.