ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ മുന്നണിയിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന് മമത ബാനർജിയുമെത്തും. ഉത്തർ പ്രദേശിലെ റായ്ബറേലിയിലും വിജയിച്ചതിനെ തുടർന്ന് വയനാട് ലോക്സഭാ മണ്ഡലം രാഹുൽ ഗാന്ധി ഒഴിയുന്നതോടെയാണ് സ്ഥാനാർഥിയായി പ്രിയങ്കയെത്തുന്നത്. ആദ്യമായി പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്കയ്ക്ക് സമ്പൂർണ പിന്തുണ നൽകാനാണ് മമത ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ഇന്ത്യ മുന്നണി ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ തീരുമാനിക്കുന്ന ഘട്ടത്തിൽ തന്നെ മമത പ്രിയങ്ക മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക മത്സരിക്കണമെന്നായിരുന്നു ആവശ്യം. 2019ൽ കോൺഗ്രസിനുള്ളിലും ഇതേ താൽപര്യം ചിലർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ വാരാണസിയിൽ പ്രിയങ്ക മത്സരിക്കാൻ തയ്യാറായില്ല. ബംഗാളിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയും മമത ബാനർജിയും തമ്മിലുള്ള തർക്കമാണ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം അൽപം വഷളാക്കിയിരുന്നത്.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അധിർ രഞ്ജൻ ബഹ്റാംപുർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പരാജയപ്പെടുകയാണ് ചെയ്തത്. കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയം നേടിയതിന് ശേഷമാണ് ഈ തോൽവി. മമതയും ഗാന്ധി കുടുംബവും തമ്മിൽ എക്കാലത്തും നല്ല ബന്ധമാണ് തുടരുന്നതെങ്കിലും അധിർ രഞ്ജനുമായുള്ള തർക്കം കാരണമാണ് ബംഗാളിൽ ഇന്ത്യ മുന്നണിയും തൃണമുൽ കോൺഗ്രസും എതിരാളികളായി മത്സരിക്കേണ്ടി വന്നത്. പശ്ചിമ ബംഗാളിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ ഇത്തവണയും മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. ബംഗാളിൽ ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ പാർട്ടി 42ൽ 29 സീറ്റിലും വിജയം നേടിയിരുന്നു.
ഏതായാലും അധിർ രഞ്ജൻ – മമത പ്രശ്നം നിലവിൽ അവസാനിച്ചതായാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്താൻ ഇന്ത്യ മുന്നണിക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ കൂടുതൽ ഐക്യത്തോടെ പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ പ്രതിപക്ഷത്തെയാണ് ഇനി ലോക്സഭയിൽ കാണാൻ സാധിക്കുക. 232 സീറ്റുകളാണ് ഇന്ത്യ മുന്നണി സ്വന്തമാക്കിയിട്ടുള്ളത്. തിങ്കളാഴ്ച പാർലമെൻറ് സെഷൻ ആരംഭിക്കാൻ ഇരിക്കെ മുന്നണി ഐക്യം കൂടുതൽ ശക്തിപ്പെടുകയാണ്.
ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയെ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്ന് മാറ്റാനുള്ള തീരുമാനത്തെ ഇന്ത്യ മുന്നണി പാർലമെൻറിൽ ഒറ്റക്കെട്ടായി എതിർക്കുമെന്നാണ് സൂചന. നേരത്തെ തന്നെ കോൺഗ്രസും തൃണമൂലും ഡിഎംകെയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. നീറ്റ്, നെറ്റ് പരീക്ഷകളുടെ നടത്തിപ്പിൽ വന്ന വീഴ്ചയും വലിയ ചർച്ചയാവും. ഇതിനോടകം തന്നെ ഈ വിഷയത്തിൽ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നെറ്റ് പരീക്ഷ റദ്ദാക്കേണ്ടിയും വന്നിരുന്നു.