കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മില്‍ നിന്ന് തുടര്‍ച്ചയായി വരുന്ന വാര്‍ത്തകളില്‍ തുറന്നടിച്ച് സിപിഐ. സിപിഎമ്മിന്റെ സമീപകാല പ്രവര്‍ത്തനങ്ങളെ അതിരൂക്ഷമായ ഭാഷയിലാണഅ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം വിമര്‍ശിച്ചത്. കണ്ണൂരില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ ചെങ്കൊടിക്ക് അപമാനമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അധോലോകത്തിന്റെ പിന്പറ്റുന്നവര് ഇടതു പക്ഷത്തിന്റെ ഒറ്റുകാരാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ഇടതിനേറ്റ തിരിച്ചടിയില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. സ്വര്‍ണം പൊട്ടിക്കുന്നതിന്റേയും അധോലോകത്തിന്റേയും കഥകള്‍ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ തുറന്നടിച്ചു.
കണ്ണൂരില്‍ നിന്നു കേള്‍ക്കുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റേയും കരിവള്ളൂരിന്റേയും തില്ലങ്കേരിയുടേയും പരാമ്പര്യമുള്ള മണ്ണാണ് അത്. അവിടെ നിന്നു സ്വര്‍ണം പൊട്ടിക്കുന്നതിന്റേയും അധോലോക അഴിഞ്ഞാട്ടത്തിന്റേയും കഥകള്‍ വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്.
സമൂഹ മാധ്യമങ്ങളില്‍ ഇടതു പക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതു പക്ഷത്തിന്റെ ബന്ധുക്കള്‍ക്കു പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്നുവോയെന്നു ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതു ഈ കൂട്ടരാണ്. അവരില്‍ നിന്നു ബോധപൂര്‍വം അകല്‍ച്ച പാലിച്ചുകൊണ്ടേ ഇടതു പക്ഷത്തിനു ജനവിശ്വാസം വീണ്ടെടുത്തു മുന്നേറാനാകു എന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോടു നീതി കാണിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കടമയുണ്ട്. അവരുടെ കൂറും വിശ്വാസവും ആണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വലുത്. ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി അധോലോകത്തെ പിന്പറ്റുന്നവര് ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവര്‍ക്ക് മാപ്പില്ലായെന്നു പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര, വികാരങ്ങളേയും വിശ്വാസങ്ങളേയും സിപിഐ മാനിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.