കൊച്ചി: റോഡുവികസനത്തിന് കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റിസ്ഥാപിക്കേണ്ടി വന്നാല്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതിനു തയ്യാറാകണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
നാടിന്റെ സമകാലിക ആവശ്യങ്ങളില്‍ ഉദാരതയോടെ സഹകരിക്കണമെന്നും കെ.സി.ബി.സി. പ്രസിഡന്റും സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ നിര്‍ദേശിച്ചു.
ദേശീയപാതാ വികസനത്തിനു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു കേരള ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയായ കര്‍ദിനാള്‍.
ചരിത്രപ്രാധാന്യമുള്ളവയും കൂടുതല്‍ വിശ്വാസികള്‍ പ്രയോജനപ്പെടുത്തുന്നതുമായ ആരാധനാലയങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കാത്തവിധം വിവേകത്തോടെ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ദേശീയപാത 66ന്റെ വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രഭാരവാഹികളെ കര്‍ദിനാള്‍ അനുമോദിച്ചു. സമാന സാഹചര്യങ്ങളില്‍ പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.