തിരുവനന്തപുരം: കെ.കെ രമ എം.എല്‍.എക്കെതിരായ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച സി.പി.ഐ നേതാവ് ആനി രാജക്കെതിരെ എം.എം മണി രംഗത്ത്. ഡല്‍ഹിയിലുള്ള ആനി രാജയ്ക്ക് കേരള നിയമസഭയിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലല്ലോയെന്ന് മണി പറഞ്ഞു. തനിക്കെതിരായ ആനി രാജയുടെ പ്രതികരണത്തെ കാര്യമായി കാണുന്നില്ലെന്നും മണി മറുപടി നല്‍കി.
കെ.കെ രമ വിഷയത്തില്‍ മണിക്കെതിരെ നേരത്തെ ആനി രാജ രംഗത്തുവന്നിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് മണി വിവാദ പരാമര്‍ശം നടത്തിയത്. ”അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍…” എന്നായിരുന്നു മണി മാധ്യമങ്ങളോടു പറഞ്ഞത്.
ആനി രാജ തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് എം.എം മണി പറഞ്ഞു. അവര്‍ കേരളത്തില്‍ അല്ലല്ലോ, ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍. കേരളത്തില്‍ നടക്കുന്ന കാര്യമൊന്നും അവര്‍ക്ക് അറിയേണ്ടല്ലോ എന്നും മണി പറഞ്ഞു. കെകെ രമയ്ക്കെതിരെ സമയം കിട്ടിയാന്‍ ഇതിലും ഭംഗിയായി പറഞ്ഞേനെയെന്നും മണി പ്രതികരിച്ചു. ഇതൊന്നും വണ്‍ വേ അല്ല. വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ രമ എന്തിനാണ് എംഎല്‍എ പണിക്കു വന്നതെന്നും മണി ചോദിച്ചു.
എം.എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് ആംഗം ആനി രാജ രംഗത്ത്. ഇടത് സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡല്‍ഹിയില്‍ പ്രയോഗിക്കുന്നതെന്നും എം.എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവര്‍ പറഞ്ഞു. കേരളമാണ് തന്റെ തട്ടകം. എട്ടാംവയസില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താന്‍ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല.
സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്. വെല്ലുവിളികള്‍ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താന്‍. അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കേണ്ടതാണ്. കേരളത്തില്‍ നിന്ന് വന്ന് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്നും അവര്‍ വ്യക്തമാക്കി.
എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണിയെപ്പോലെയുള്ള നേതാക്കളെന്ന് കെ.കെ രമ പ്രതികരിച്ചു. മോശം പ്രസ്താവനകള്‍ പാര്‍ട്ടിയെയാണ് അസ്ഥിരപ്പെടുത്തുന്നതെന്ന് എം.എം മണി മനസിലാക്കുന്നില്ല. ഇതിനെ ന്യായീകരിക്കുകയാണ് കുറേയാളുകള്‍. ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണ്. അത് ആര്‍ജവത്തോടൂ കൂടി ആനി രാജ പറഞ്ഞതാണ് എം.എം മണിയെ പൊള്ളിച്ചത്. അതിനാലാണ് അവരെ മോശക്കാരിയാക്കിയത്. സി.പി.ഐ.എമ്മിനെതിരെ പറയുന്നവരെയെല്ലാം മോശക്കാരാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
എം.എം. മണി എത്ര കാലമായി സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നു. പാര്‍ട്ടി നേതൃത്വം എന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് മണി ചോദിക്കുന്നത്. നാടന്‍ ഭാഷ എന്ന് പറഞ്ഞ് ഇതിനെയെല്ലാം കുറച്ചുകാണുകയാണ് പാര്‍ട്ടി നേതൃത്വം. എത്ര ക്ലാരിറ്റിയോടെയുള്ള പ്രസ്താവനയാണ് ആനി രാജ നടത്തിയത്. അതിനെതിരെ ഇത്തരം വാക്കുകള്‍ പ്രയോ?ഗിക്കുന്നത് ശരിയാണോ. ഇവരെ നിയന്ത്രിക്കാന്‍ സിപിഐഎം തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് വലിയ അധപ്പതനമാകും ഉണ്ടാവുകയെന്നും കെ.കെ. രമ എം.എല്‍.എ വ്യക്തമാക്കി.