തിരുവനന്തപുരം: രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി.
65ല്‍ അധികം രാജ്യങ്ങളിലാണ് മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. യുഎഇയില്‍ നിന്നെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലും മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ കൊല്ലം ജില്ലയില്‍ നിന്നുള്ള യുവാവിനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ജൂലൈ പന്ത്രണ്ടാം തിയതി യുഎഇയില്‍ നിന്ന് ഷാര്‍ജ-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലെത്തിയ യുവാവിനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് നിര്‍ദേശം.
ചെന്നൈ വിമാനത്താവളത്തില്‍ കേരളത്തില്‍ നിന്നെത്തുന്നവരെയും വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഉടന്‍ തന്നെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കാനും നിര്‍ദേശമുണ്ട്.
യുഎഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിയുമായി യുഎഇയില്‍ സമ്ബര്‍ക്കത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സംസ്ഥാനത്തെ മങ്കിപോക്സ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര മെഡിക്കല്‍ സംഘം എത്തി. മങ്കിപോക്സ് സ്ഥിരീകരിച്ചയാള്‍ ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. സംസ്ഥാന ആരോഗ്യമന്ത്രിയുമായി കേന്ദ്ര സംഘം ചര്‍ച്ച നടത്തി. കൊല്ലത്തും ആരോഗ്യസംഘം സന്ദര്‍ശനം നടത്തും. രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളിലെ ഡ്രൈവര്‍മാരെയും കാറിന്റെ ഡ്രൈവറെയും കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കൊപ്പം വിമാനത്തിലെ അടുത്ത സീറ്റുകളില്‍ യാത്ര ചെയ്ത 11 പേര്‍, ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നിവരാണ് പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളത്