Sunday, September 8, 2024

HomeNewsKeralaകനത്ത മഴ തുടരുന്നു : ജാഗ്രത വേണമെന്ന് മന്ത്രി രാജന്‍

കനത്ത മഴ തുടരുന്നു : ജാഗ്രത വേണമെന്ന് മന്ത്രി രാജന്‍

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ കാര്യമായ ജാഗ്രത വേണമെന്ന് മന്ത്രി കെ.രാജൻ. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. എന്നാല്‍ ഡാമുകളുടെ നില അപകടകരമല്ലെന്നും അനാവശ്യ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. നാളെ രാത്രി മുതല്‍ ഇടുക്കിയിലെ മലയോര മേഖലകളില്‍ അനാവശ്യ യാത്ര പാടില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണ രൂപം

‘കേരളത്തിലുണ്ടായ കനത്ത മഴയുടെ സാഹചര്യത്തില്‍ എല്ലാ താലൂക്കുകളിലും എമര്‍ജൻസി ഓപ്പറേഷൻ സെന്ററുകള്‍ സജ്ജമായതായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. കഴിഞ്ഞ 36 മണിക്കൂറായി കേരളത്തില്‍ വ്യാപകമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍മാരും തഹസില്‍ദാര്‍മാരും ഡെപ്യൂട്ടി കളക്ടര്‍മാരും പങ്കെടുത്ത് റവന്യൂ വകുപ്പിന്റെ ഉന്നത തല യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 24 മണിക്കൂറും താലൂക്ക് എമര്‍ജൻസി ഓപ്പറേഷൻ സെന്ററുകള്‍ പ്രവര്‍ത്തിക്കും. കൃത്യമായ വിവര ശേഖരണം നടത്തി ജില്ലാ, സംസ്ഥാന എമര്‍ജൻസി ഓപ്പറേഷൻ സെന്ററുകളെ അറിയിക്കുകയും, ജനങ്ങള്‍ക്ക് കൃത്യസമയത്ത് വിവരങ്ങള്‍ കൈമാറുകയും ചെയ്യേണ്ടതുണ്ട്. മുൻവര്‍ഷങ്ങളില്‍ അപകടങ്ങള്‍ സംഭവിച്ചതോ അപകട സാധ്യതയുള്ളതോ ആയ താലൂക്കുകളിലും വില്ലേജുകളിലും ഉള്ള മുഴുവൻ ഉദ്യോഗസ്ഥരും അതാത് പ്രദേശങ്ങളില്‍ 24 മണിക്കൂറും ഏത് അടിയന്തര സാഹചര്യത്തില്‍ സമയനഷ്ടമില്ലാതെ പ്രവര്‍ത്തിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ മുൻകൂറായി ക്യാമ്ബുകള്‍ സജ്ജീകരിക്കണം. ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കണം. അപകടങ്ങള്‍ക്ക് ശേഷമല്ല ക്യാമ്ബുകള്‍ തുറക്കേണ്ടത്. രാത്രി സമയത്തെ സാഹചര്യങ്ങള്‍ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഇടപെടല്‍ വേണം. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിര്‍ബന്ധിക്കണം. ക്യാമ്ബുകള്‍ സജ്ജമാണെന്ന് ജനങ്ങളെ അറിയിക്കണം. എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കും 25,000 രൂപ അഡ്വാൻസ് ആയി മഴക്കാലത്തെ ദുരന്ത പ്രതികരണ ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവ കാര്യക്ഷമമായി ഉപയോഗിക്കണം. പ്രാദേശികമായ സന്നദ്ധ സേനകളെയും പ്രവര്‍ത്തകരെയും ഉപയോഗപ്പെടുത്തണം. ക്യാമ്ബുകള്‍ തുടങ്ങാൻ വേണ്ടി കണ്ടെത്തിയ കെട്ടിടങ്ങളില്‍ ശുചിമുറി, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത മുൻകൂറായി പരിശോധിച്ച്‌ ഉറപ്പ് വരുത്തണം. അത്തരം സൗകര്യം ലഭ്യമല്ലാത്ത ഇടങ്ങളില്‍ ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പണം ഉപയോഗപ്പെടുത്തി സൗകര്യങ്ങള്‍ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിര്‌ദേശിക്കണം. അവധിയിലുള്ള എല്ലാ റവന്യൂ ജീവനക്കാരും അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി’.

സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ മുഴുവൻ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കാൻ കലക്ടര്‍ ഉത്തരവിറക്കി. ബീച്ച്‌, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ മുഴുൻ കോളേജുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധിയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. നാല് വീടുകള്‍ തകര്‍ന്നു. പത്തനതിട്ടയില്‍ കിണര്‍ ഇടിഞ്ഞു താണു. ഇടുക്കിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കോഴിക്കോട് ഇരുവഴഞ്ഞി പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി ഹസ്സൻ കുട്ടി 64 ആണ് ഒഴുക്കില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments