Saturday, September 7, 2024

HomeNewsKeralaഇരിട്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെയും മൃതദേഹം കണ്ടെത്തി

ഇരിട്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെയും മൃതദേഹം കണ്ടെത്തി

spot_img
spot_img

കണ്ണൂർ: ഇരിട്ടി പടിയൂർ പൂവം പുഴയിൽ ചൊവ്വാഴ്ച വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെയും മൃതദേഹം കണ്ടെത്തി. ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസിൽ സൂര്യയുടെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് 12.30ഓടെ പൂവം കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം കാണാതായ എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാനയുടെ (28) മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.

ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ. എടയന്നൂർ ഹഫ്‌സത്ത്‌ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. ഇരുവരും ഇരിക്കൂർ സിഗ്‌ബ കോളജിലെ ബി.എ സൈക്കോളജി അവസാനവർഷ വിദ്യാർഥിനികളായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇരുവരെയും പഴശ്ശി ജലാശയത്തിന്‍റെ ഭാഗമായ പൂവം പുഴയിൽ കാണാതായത്. കോളജിൽ പരീക്ഷ കഴിഞ്ഞ ശേഷം സഹപാഠിയായ പടിയൂർ സ്വദേശിനി ജസീനയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം പുഴയോരത്ത് ഫോട്ടോ എടുക്കാനായി പോയതായിരുന്നു. മൊബൈൽഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തിയശേഷം പൂവത്തെ കൂറ്റൻ ജലസംഭരണിക്ക് സമീപം ഇരുവരും പുഴയിലിറങ്ങി.

കരയിൽനിന്ന് ജസീന ഇവരുടെ ഫോട്ടോ എടുത്തിരുന്നു. വിദ്യാർഥിനികൾ പുഴയിലിറങ്ങുന്നത് ശ്രദ്ധയിൽപെട്ട മീൻപിടിക്കുന്നവരും ജലസംഭരണിക്ക് മുകളിലുണ്ടായിരുന്ന വാട്ടർ അതോറിറ്റി ജീവനക്കാരനും ഇവരെ വിലക്കിയെങ്കിലും നിമിഷങ്ങൾക്കകം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അലറിവിളിച്ച ജസീന ബോധരഹിതയായി. വിദ്യാർഥിനികളിൽ ഒരാൾ മീൻപിടിക്കുന്നവരുടെ വലയിൽപെട്ടെങ്കിലും വലിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വലയിൽനിന്ന് വേർപെട്ടു പോവുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments