കണ്ണൂർ: മഴക്കുഴി എടുക്കവേ വ്യാഴാഴ്ച നിധി ലഭിച്ച സ്ഥലത്തു നിന്ന് വെള്ളിയാഴ്ച അഞ്ചു വെള്ളിനാണയങ്ങളും രണ്ട് സ്വർണ മുത്തുകളുംകൂടി ലഭിച്ചു. വ്യാഴാഴ്ച പതിനേഴ് മുത്തുമണി, പതിനേഴ് സ്വർണലോക്കറ്റ്, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, അഞ്ച് മോതിരം, ഒരു സെറ്റ് കമ്മൽ, നിരവധി വെള്ളി നാണയങ്ങൾ, ഭണ്ഡാരം എന്നിവയാണ് ലഭിച്ചത്. ശ്രീകണ്ഠാപുരം ചെങ്ങളായി പരിപ്പായി ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപം പുതിയ പുരയിൽ താജ്ജുദീന്റെ ഉടമസ്ഥതയിലുള്ള റബ്ബർതോട്ടത്തിലാണ് നിധിശേഖരം കണ്ടെത്തിയത്.
വ്യാഴാഴ്ച ലഭിച്ച ചെപ്പിൽ നിന്ന് തെറിച്ചുവീണതാവും വെള്ളിയാഴ്ച കിട്ടിയതെന്ന് കരുതുന്നു. റബർ തോട്ടത്തിൽ മഴക്കുഴി നിർമ്മിക്കുന്നതിനിടയിലാണ് സംഭവം. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയിൽപ്പെട്ടത്. ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നുനോക്കിയിരുന്നില്ല. പിന്നീട് ഉച്ചയോടെയാണ് ആദ്യം കണ്ടെത്തിയ കുടം തുറന്നുനോക്കുന്നത്.
പരിസരത്ത് വേറെയും നിധിശേഖരം ഉണ്ടാകാമെന്ന സംശയം ശക്തമായതിനാൽ പുരാവസ്തുവിഭാഗം കൂടുതൽ പരിശോധന നടത്തിയേക്കും. ഒരു മീറ്റർ കുഴിച്ചപ്പോഴാണ് നിധി ശേഖരം ലഭിച്ചത്. നിധിശേഖരത്തിന്റെ കാലപ്പഴക്കം ശാസ്ത്രീയമായി പരിശോധിക്കും. നിധി ശേഖരം പരിശോധിച്ച ശേഷം പുരാവസ്തുവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നിലവിൽ റവന്യൂ വകുപ്പിന്റെ കൈവശമാണ് നിധി. ഇത് പരിശോധിക്കാൻ പുരാവസ്തു ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പുരാവസ്തു ആണെന്ന് കണ്ടെത്തിയാൽ ഏറ്റെടുക്കും.