മഞ്ചേരി: നിരന്തരം ഉപദ്രവിക്കുന്ന ഭാര്യയില്‍നിന്നു വിവാഹമോചനം നേടാനുള്ള അവകാശം ഭര്‍ത്താവിനുണ്ടെന്നു കോടതി.
മഞ്ചേരി പയ്യനാട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് മലപ്പുറം കുടുംബ കോടതി ജഡ്‌ജി എന്‍.വി. രാജുവിന്റെ നിര്‍ണായക വിധി .
ഹര്‍ജിക്കാരന്‍ 1977ലാണ് പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശിനിയെ വിവാഹം കഴിക്കുന്നത്. വിദേശത്ത് ജോലി ചെയ്‌തുണ്ടാക്കിയ സമ്ബാദ്യം മുഴുവന്‍ ഭാര്യയ്‌ക്കും മക്കള്‍ക്കും നല്‍കിയ ഹര്‍ജിക്കാരന്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോഴായിരുന്നു ഭാര്യയുടെ ഉപദ്രവം ആരംഭിച്ചത്.
ഹൃദ്രോഗിയായ തന്റെ ചികിത്സാരേഖകള്‍ കത്തിച്ച ഭാര്യ തന്നെ വീട്ടില്‍ പ്രവേശിക്കുന്നത് തടഞ്ഞതായും ഹര്‍ജിയില്‍ പറയുന്നു. 2021 മാര്‍ച്ച് പത്തിന് ഭാര്യയെ മൊഴിചൊല്ലിയെങ്കിലും ഇത് അംഗീകരിക്കാതെ ഭാര്യ തിരികെ വീട്ടിലെത്തി പീഡിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ ഭാര്യയില്‍നിന്നും ക്രൂരപീഡനത്തിന് വിധേയനായെന്നും വിവാഹ മോചനം ചെയ്‌ത് അയച്ച കത്ത് കിട്ടിയില്ലെന്ന എതിര്‍ഭാഗത്തിന്റെ വാദം തെറ്റാണെന്നുമുള്ള ഹര്‍ജിഭാഗം അഭിഭാഷകന്‍ എ.പി. ഇസ്‌മായിലിന്റെ വാദം കോടതി അംഗീകരിച്ചു.
ഭര്‍ത്താവ് വീട് ഉപയോഗിക്കുന്നത് വിലക്കുന്ന ഭാര്യയുടെ നടപടി കോടതി തടഞ്ഞു. ഭര്‍ത്താവ് വീട്ടില്‍ പ്രവേശിക്കുന്നതു തടയുകയോ ക്രൂരത തുടരുകയോ ചെയ്യുന്ന പക്ഷം ഭാര്യ വീട്ടില്‍ പ്രവേശിക്കുന്നത് തടയുന്നതിനുള്ള ഉത്തരവ് നല്‍കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. നേരത്തെ മൊഴിചൊല്ലിയ നടപടി മതപരമായും നിയമപരമായും ശരിയാണെന്നും കോടതി വിധിച്ചു.