Wednesday, December 4, 2024

HomeNewsKeralaസംസ്‌ഥാനത്ത്‌ മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും ആവര്‍ത്തിച്ചേക്കാമെന്ന്‌ മുന്നറിയിപ്പ്‌

സംസ്‌ഥാനത്ത്‌ മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും ആവര്‍ത്തിച്ചേക്കാമെന്ന്‌ മുന്നറിയിപ്പ്‌

spot_img
spot_img

കൊച്ചി: സംസ്‌ഥാനത്ത്‌ മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും ആവര്‍ത്തിക്കാനിടയുണ്ടെന്ന്‌ കാലാവസ്‌ഥാ വിദഗ്‌ധരുടെ മുന്നറിയിപ്പ്‌.

ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ടേക്കുള്ള കാറ്റിന്റെയും മേഘങ്ങളുടെയും പ്രവാഹം) അറബിക്കടലിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും പ്രവേശിക്കുന്നതിനാലും അറബിക്കടലിന്റെ തീരത്തും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലും ഇത്തരം മിന്നല്‍പ്രളയമഴ അടുത്ത ഒന്നുരണ്ടു ദിവസം കൂടി പ്രതീക്ഷിക്കാവുന്നതാണെന്ന്‌ കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം ഡയറക്‌ടര്‍ ഡോ. എസ്‌. അഭിലാഷ്‌ ചൂണ്ടിക്കാട്ടി.

അതേസമയം, മണ്‍സൂണ്‍ മഴയുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്‌. മണ്‍സൂണില്‍ സാധാരണ മഴ കിട്ടുന്നത്‌ ഉയരംകുറഞ്ഞ മേഘങ്ങളില്‍നിന്നാണ്‌. എന്നാല്‍, അതീതീവ്രമായതും ഒറ്റതിരിഞ്ഞും ഒരു മേഖല കേന്ദ്രീകരിച്ചും മാത്രം മഴയുണ്ടാകുന്നതിനു കാരണം അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തലത്തില്‍നിന്ന്‌ മഴപെയ്യിക്കുന്ന കൂമ്ബാര മേഘങ്ങളാണ്‌(കുമുലോനിംബസ്‌).


സാധാരണ മണ്‍സൂണില്‍ കുമുലോനിംബസ്‌ മേഘങ്ങള്‍ അത്യപൂര്‍വമാണെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മണ്‍സൂണില്‍ ഇത്തരം മേഘങ്ങള്‍ രൂപപ്പെടുന്നത്‌ സാധാരണമാണെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെറുമേഘവിസ്‌ഫോടനങ്ങള്‍ക്കു കാരണമാകുന്ന ഈ മേഘങ്ങളില്‍നിന്ന്‌ മണിക്കൂറില്‍ അഞ്ചുമുതല്‍ പത്തു സെന്റീ മീറ്റര്‍ മഴ വരെ വര്‍ഷിക്കപ്പെടുന്നു. ഭൂമിക്ക്‌ താങ്ങാവുന്നതിലേറെയായ ഇത്‌ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും ഇടയാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ശക്‌തമായ മഴയ്‌ക്കും മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും ഇടയായ സ്‌ഥലങ്ങളില്‍ സംഭവിച്ചത്‌ ചെറുമേഘവിസ്‌ഫോടനങ്ങളാണ്‌. മണിക്കൂറില്‍ 15 സെന്റീ മീറ്റര്‍ വരെ അതിതീവ്രമായ മഴ ഇവിടങ്ങളില്‍ പെയ്‌തത്‌ അപ്രതീക്ഷിതമായിട്ടാണ്‌.


സാധാരണ ചുരുങ്ങിയ സമയത്തില്‍ കൂടിയ മഴയുണ്ടാകുന്ന പ്രതിഭാസം തുലാവര്‍ഷത്തില്‍ കണ്ടുവരുന്നതാണെങ്കിലും കാലാവസ്‌ഥാ മാറ്റത്തിന്റെ ഫലമായി അത്‌ മണ്‍സൂണിലും ആവര്‍ത്തിക്കുകയാണ്‌.

ഇതേ സമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ അതിശക്തമായ മഴയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. കൊച്ചിയില്‍ എം.ജി റോഡിലും പുത്തന്‍കുരിശ് വരിക്കോലിയിലും റോഡില്‍ വെള്ളം കയറി. കലൂര്‍, തമ്മനം, പനമ്ബപള്ളി നഗര്‍ എന്നിവിടങ്ങളില്‍ ഇടറോഡുകളില്‍ വെള്ളംകയറി.

അതേസമയം, ഉരുള്‍പൊട്ടലുണ്ടായ കുടയത്തൂര്‍ ദുരന്ത മേഖല ആയിരുന്നില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍ നിയമസഭയില്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments