തിരുവനന്തപുരം: പേവിഷ വാക്സിനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രിയെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് മുഖേനയാണ് പേവിഷ മരുന്ന് ലഭ്യമാകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഈ മരുന്നുകള്‍ക്ക് കേന്ദ്ര ലബോറട്ടറിയുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഉള്ളതാണ്. മരുന്നുകള്‍ രണ്ടു തവണ ഇന്‍ഹൗസ് ടെസ്റ്റ് ചെയ്യും.
അതുകൂടാതെ മെഡിക്കല്‍ കോര്‍പ്പറേഷന്റെ നിബന്ധന പ്രകാരം കേന്ദ്ര ലാബോറട്ടറി പരിശോധനയും നടത്തുന്നുണ്ട്. മരുന്നുകളുടെ സംഭരണത്തിലും വിതരണത്തിലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാക്സിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംശയം വേണ്ടെന്ന് ആരോഗ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് തിരുത്തുമായി മുഖ്യമന്ത്രി എഴുന്നേറ്റത്. വാക്സിന് എടുത്തിട്ടും പേവിഷബാധ മരണങ്ങള് ഉണ്ടാകുന്നതില്‍ സമൂഹത്തില്‍ ആശങ്കയുണ്ട്. മന്ത്രി പറഞ്ഞത് മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായമാണ്. പക്ഷേ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതി ഈ വാക്സിനെക്കുറിച്ച് പരിശോധന നടത്തുന്നത് നല്ലതായിരിക്കും. അത്തരമൊരു നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കും. ആ വിദഗ്ധസമിതിയെ ആരോഗ്യവകുപ്പ് രൂപീകരിച്ച് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ഗുണനിലവാരം നോക്കാതെ വാക്സീന് വിതരണം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ അടിയന്തരനടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു.
തെരുവുനായ്ക്കള്‍ കാരണം റോഡിലിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് മുസ്ലിം ലീഗ് അംഗം പി കെ ബഷീര്‍ പറഞ്ഞു. ലോകായുക്തയുടെ പല്ല് പറിച്ചതുപോലെ നായ്ക്കളുടെ പല്ല് പറിക്കണമെന്നും ബഷീര്‍ ആവശ്യപ്പെട്ടു.
ഗുണമേന്മ നോക്കാതെയാണ് കെഎംസിഎല്‍ വാക്സീന് ഓര്‍ഡര്‍ കൊടുത്തത്. വാക്സീനെത്താന്‍ 40 ദിവസം എടുക്കുമെന്നതിനാല്‍ അടിയന്തരമായി എത്തിക്കാന്‍ ശ്രമിച്ചു. എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദിയല്ലെന്ന് പറഞ്ഞാണ് കമ്ബനി പരിശോധന കൂടാതെ വാക്സീന് അയച്ചത്. അറിഞ്ഞുകൊണ്ട് ജനങ്ങള്‍ക്ക് ആ മരുന്ന് നല്കാന് സര്‍ക്കാര്‍ തയാറായത് എന്തിനാണ്? പരാതി ഉയരുമ്ബോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷിക്കാന്‍ പോലും തയാറായില്ലെന്ന് പി കെ ബഷീര്‍ കുറ്റപ്പെടുത്തി.