ന്യൂദല്‍ഹി: സി പി എം യഥാര്‍ത്ഥ വിശ്വാസികള്‍ക്കൊപ്പമാണ് എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കപട വിശ്വാസം പ്രകടിപ്പിക്കുന്നവരോട് സി പി എമ്മിന് കൂറില്ല എന്നും അദ്ദേഹം പറഞ്ഞു.
അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണ് എന്നും ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എ എന്‍ ഷംസീറോ പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
‘വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. കേരളം ഉണ്ടാക്കിയത് പരശുരാമന് മഴു എറിഞ്ഞാണ് എന്ന് പറയുന്നത് മിത്താണ്. വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതിനെ ആരും ചോദ്യം ചെയ്തിട്ടില്ല,’ എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്തതിനേയും അദ്ദേഹം ന്യായീകരിച്ചു.
നിയമം ലംഘിച്ചതിന് കേസെടുക്കുന്നത് വിശ്വാസം നോക്കിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വര്‍ഗത്തില്‍ ഹൂറികള്‍ ഉണ്ടെന്നത് മിത്താണോ എന്ന ചോദ്യത്തിന് ‘സ്വര്‍ഗവും നരകവുമുണ്ടെങ്കിലല്ലേ ഹൂറികളെ കുറിച്ച് പറയേണ്ടതുള്ളു, എനിക്കത് ബാധകമല്ല’, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വര്‍ഗീയതയുടെ അടിസ്ഥാനം മുസ്ലിം വിരുദ്ധതയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
മിത്ത് വിവാദം അവസരമായി കണ്ട് പ്രയോജനപ്പെടുത്താന്‍ ബി ജെ പി ആഗ്രഹിക്കുന്നു. തെറ്റായ കര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ അവര്‍ പല വേദികളും ഉപയോഗിക്കുന്നു. എന്നാല്‍ അവരാഗ്രഹിക്കുന്ന ലക്ഷ്യപ്രാപ്തിയിലെത്താന്‍ സാധിക്കില്ലെന്നും വര്‍ഗീയവാദികളൊന്നും വിശ്വാസികളല്ല എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രന് വിശ്വാസമില്ലെന്നും ഇരുമുടിക്കെട്ട് താഴെയിട്ട സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഗോവിന്ദന് പറഞ്ഞു.