തിരുവനന്തപുരം: ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ ചോദ്യമുന്നയിച്ച് ഹൈബി ഈഡൻ എം.പി. ലാവ്‍ലിൻ കേസ് എത്ര തവണ മാറ്റിവെച്ചുവെന്നും അത് മാറ്റാനുള്ള കാരണം അന്വേഷിച്ചിരുന്നോ എന്നുമായിരുന്നു ഹൈബി ഈഡന്റെ ചോദ്യം.
എന്നാല്‍, കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതും മാറ്റിവെക്കുന്നതും പൂര്‍ണമായും കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. ഇതില്‍ സര്‍ക്കാറിന് ഒരു റോളുമില്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ നിയമമന്ത്രാലയം സൂക്ഷിച്ചിട്ടുമില്ലെന്നായിരുന്നു നിയമമന്ത്രി അര്‍ജുൻ റാം മേഘ്‍വാളിന്റെ മറുപടി. സുപ്രീംകോടതിയിലെ കേസിനെ സംബന്ധിക്കുന്ന ഒരു വിവരവും മന്ത്രാലയം സൂക്ഷിച്ചിട്ടില്ലെന്നും നിയമമന്ത്രി വ്യക്തമാക്കി.
നേരത്തെ ലാവ്‍ലിൻ കേസ് 34ാം തവണയും മാറ്റിവെച്ചിരുന്നു. സെപ്റ്റംബര്‍ 12ലേക്കാണ് കേസ് മാറ്റിയത്. സി.ബി.ഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം മൂലം കേസ് അടുത്തയാഴ്ച്ച പരിഗണിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.