പത്തനംതിട്ട: മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മാർകൂറിലോസിന്റെ അക്കൗണ്ടിൽ നിന്ന് 15,01,186/- രൂപ ഓൺലൈൻ തട്ടിപ്പുകാർ അടിച്ചുമാറ്റിയതായി പരാതി. ഔദ്യോഗിക സ്ഥാനമൊഴിഞ്ഞ ശേഷം ആനിക്കാട് സെയ്ന്റ് ഗ്രിഗോറിയോസ് ദയറയിൽ താമസിക്കുന്ന ഇദ്ദേഹത്തെ സി.ബി.ഐയിൽ നിന്നെന്ന വ്യാജേന ചിലർ ഫോണിൽ ബന്ധപ്പെട്ടു.
മുംബെയിലെ നരേഷ് ഗോയൽ എന്ന ആൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർ കൂറിലോസിന്റെ പേരും ഉണ്ടെന്ന് അറിയിച്ചു. ഇത് വ്യക്തമാക്കുന്ന ചില വ്യാജ രേഖകൾ കാട്ടുകയും ഓൺലൈൻ മാർഗം ആഗസ്ത് രണ്ടിന് ജുഡീഷ്യൽ വിചാരണ നടത്തുകയും ചെയ്തു. കേസിൽ നിന്ന് ഒഴിവാക്കണമെങ്കിൽ പിഴ അടക്കാൻ ആവശ്യപ്പെട്ടു.
ഇതിനായി തട്ടിപ്പുസംഘം അവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി. തുടർന്ന് മുൻ മെത്രാപ്പോലീത്തയുടെ അക്കൗണ്ടിൽ നിന്ന് രണ്ട് ദിവസങ്ങളിലായി 15,01,186 രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് കീഴ്വായ്പൂര് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.