തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വി വേണു ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ സംസ്ഥാനസര്‍ക്കാര്‍ നല്കിയ യാത്രയയപ്പ് ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വൈദ്യശാസ്ത്ര ഡോക്ടര്‍, നാടക കലാകാരന്, ഉദ്യോഗസ്ഥ പ്രമുഖന് എന്നിങ്ങനെ പല നിലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. സാധാരണ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവില്‍ ഇല്ലാത്ത ഒരു പ്രത്യേകതയാണിത്. കലയോടുള്ള ആഭിമുഖ്യം ഉദ്യോഗസ്ഥ പ്രമുഖന് എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വ നിര്‍വഹണത്തെ തെല്ലും ബാധിക്കാതെ നോക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. എന്നു മാത്രമല്ല, ഈ പശ്ചാത്തലം ടൂറിസം പോലുള്ള വകുപ്പുകളെ നയിക്കുമ്പോള്‍ അദ്ദേഹത്തിനു പൊതുവില്‍ ഗുണം ചെയ്യുക കൂടിയുണ്ടായി. അത്തരം വകുപ്പുകള്‍ക്ക് ജനപ്രിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിലും അതിന് ജനശ്രദ്ധ ആകര്ഷിക്കാനാവും വിധമുള്ള പേരുകള്‍ നല്‍കുന്നതിലും ഒക്കെ വലിയ തോതില്‍ ഇതു പ്രയോജനപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡോക്ടര്‍ എന്ന നിലയ്ക്കുള്ള വേണുവിന്റെ പശ്ചാത്തലം, ഡോക്ടര്‍മാര്‍ സമരത്തിനുപോയ ഒരു വേളയില്‍ ചികിത്സ കിട്ടാതെ വലഞ്ഞ രോഗികള്‍ക്ക് ആശ്വാസമായതു ഓര്‍ക്കുന്നു. മൂവാറ്റുപുഴയില്‍ ഡോ. വേണു സബ് കളക്ടര്‍ ആയിരുന്നപ്പോഴായിരുന്നു അത്. താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ പതിമൂന്നു ഡോക്ടര്‍മാരും പണിമുടക്കിയപ്പോള്‍ രോഗികള്‍ വലഞ്ഞു. അവരുടെ വിഷമം അറിഞ്ഞാണ് പണ്ടെന്നോ അഴിച്ചുവെച്ച സ്റ്റെതസ്കോപ് അദ്ദേഹം വീണ്ടുമെടുത്തത്. അങ്ങനെ സബ് കളക്ടര്‍ ഒ പി വിഭാഗത്തിലെത്തി അമ്പതോളം രോഗികളെ പരിശോധിച്ചു. സമരം പൊളിക്കാനല്ല, വിഷമത്തിലായ രോഗികള്‍ക്ക് ആശ്വാസം കൊടുക്കാനാണ് ശ്രമിച്ചത് എന്ന് അന്നു ഡോ. വേണു വ്യക്തമാക്കുക കൂടി ചെയ്തു. കേരളത്തില്‍ നിന്ന് ഐ എ എസ് ലഭിച്ച രണ്ടാമത്തെ എം ബി ബി എസ് ബിരുദധാരിയാണ് അദ്ദേഹം. ഡോ. ആശാ തോമസാണ് മുന്‍ഗാമി.
സിവില്‍ സര്‍വീസില്‍ നിരവധി ഭാര്യാ-ഭര്ത്താക്കന്മാരുണ്ട്, ഉണ്ടായിട്ടുമുണ്ട്. ചിലരൊക്കെ കളക്ടര്‍ ചുമതല പരസ്പരം കൈമാറിയിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും വ്യത്യസ്ത കാലങ്ങളില്‍ വകുപ്പുകളുടെ തലപ്പത്ത് എത്തുകയും ചീഫ് സെക്രട്ടറിമാര്‍ ആവുകയും ഒക്കെ ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ ചീഫ് സെക്രട്ടറി ചുമതല കൈമാറപ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണെന്നും ആ സവിശേഷത കൂടി ഈ യാത്രയയപ്പു സമ്മേളനത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. വേണുവിന്റെ പ്രാധാന്യം കേരളം കൂടുതലായി അറിഞ്ഞത് ദുരന്തവേളകളിലാണ്. വയനാട് ദുരന്തമുണ്ടായപ്പോള്‍ ഏകോപനങ്ങള്‍ക്ക് അദ്ദേഹം എങ്ങനെ നേതൃത്വം നല്കി എന്നതു നമ്മള് കണ്ടു. ഉരുള്‍പൊട്ടലിന്റെ ഗൗരവം പ്രധാനമന്ത്രിക്ക് കൃത്യമായി വിശദമാക്കിക്കൊടുക്കുന്ന വേണുവിനെയും കേരളം കണ്ടു. 2018 ലെ പ്രകൃതിദുരന്ത ഘട്ടത്തിലും നമ്മള് ഇതുകണ്ടു. അന്നു ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു വേണു. പുനരധിവാസം സാധ്യമാക്കുന്നതില്‍, റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവിനെ നയിക്കുന്നതില്‍ ഒക്കെ അദ്ദേഹം അര്‍പ്പണബോധത്തോടെ ത്യാഗപൂര്‍വ്വം പ്രവര്‍ത്തിച്ചു. അന്ന് പുനര്‍നിര്‍മ്മാണത്തിനുള്ള ലോകബാങ്ക് സഹായം ചര്‍ച്ച ചെയ്തുറപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച നയരേഖകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മാതൃകാപരമാംവിധമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
വേണുവിന് കലയോടുള്ള അഭിമുഖ്യം നാടിനാകെ പ്രയോജനപ്പെട്ടിട്ടുണ്ട്. 2007-2011 ഘട്ടത്തില്‍ സാംസ്കാരികവകുപ്പ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ച സന്ദര്‍ഭത്തിലാണ് ‘ഇന്റര്‍നാഷണല്‍ തീയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള’ ആരംഭിച്ചത്. കേരളം എന്ന പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അപെക്സ് സാംസ്കാരിക സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, ആര്‍ക്കൈവുകള്‍, മ്യൂസിയങ്ങള്‍ എന്നിവയുടെ ചുമതലയുള്ള കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായും വേണു പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ദേശീയ മ്യൂസിയത്തിന്റെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിച്ച് പല പുതിയ പ്രോജക്ടുകളും കേരളത്തിലേക്കു കൊണ്ടുവരാനും മ്യൂസിയം പ്രവര്‍ത്തനം അക്കാദമിക് സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി കൂടുതല്‍ ചൈതന്യവത്താക്കാനും അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ മ്യൂസിയങ്ങളും ആര്‍ക്കൈവുകളും നവീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ മൗലികചിന്ത വലിയ പങ്കു വഹിച്ചു.
കേന്ദ്ര സര്‍ക്കാരിലും സംസ്ഥാന സര്‍ക്കാരിലും തന്ത്രപ്രധാനമായ പല പദവികളിലും സേവനമനുഷ്ഠിച്ച ഐ എ എസ് ഓഫീസറാണ് അദ്ദേഹം. സര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമായി വിവിധ പദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍, അവ വിജയകരമായി നടപ്പാക്കുന്നതില്‍ വലിയ ശുഷ്ക്കാന്തിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര ട്രാവല്‍ മാര്‍ട്ടായ ‘കേരള ട്രാവല്‍ മാര്‍ട്ട്’ വേണുവിന്റെ ആശയമായിരുന്നു. ടൂറിസം സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ച ഘട്ടത്തില്‍ വിനോദസഞ്ചാര ലോകഭൂപടത്തില്‍ കേരളത്തിനു മിഴിവുറ്റ സ്ഥാനം കൈവന്ന കാര്യവും എടുത്തുപറയണം. ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിന്, റെസ്പോണ്സിബിള് ടൂറിസം എന്നിവയിലും വേണുവിന്റെ വ്യക്തിമുദ്ര പതിഞ്ഞു നില്‍ക്കുന്നുണ്ട്.
കേരളത്തിന്റെ തീരദേശ പരിപാലന പദ്ധതി തയ്യാറാക്കുന്നതില്‍ മേല്‍നോട്ടം വഹിച്ച വേണു, സി ആര് ഇസഡ് വിജ്ഞാപനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വിഭാഗത്തിന്റെ തലപ്പത്തുള്ളവരെ ബോധ്യപ്പെടുത്തുന്നതിലും സംസ്ഥാന കാലാവസ്ഥാ അഡാപ്റ്റേഷന് മിഷന് സ്ഥാപിക്കുന്നതിലും പ്രധാന പങ്കാണ് വഹിച്ചത്.
അന്‍പതോളം നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, ഷേക്സ്പിയറുടെ ‘മാക്ബത്തി’ലെ ഡങ്കന്‍ രാജാവിനെ വേദിയില്‍ തെളിമയോടെ അവതരിപ്പിച്ചു കയ്യടി വാങ്ങിയിട്ടുള്ള കലാകാരനുമാണ് വേണു എന്നത് അധികം പേര്‍ക്ക് അറിയുമെന്നു തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു വിജയ് ടെണ്ടുല്‍ക്കറുടെ ‘സഖരം ബൈന്‍ഡറി’ലെ ഷിന്‍ഡെ, അയ്യപ്പപ്പണിക്കരുടെ ‘പാളങ്ങളി’ലെ അധികാരി, ‘ഭഗവദജ്ജൂക’ത്തിലെ യമരാജന് തുടങ്ങിയ വേഷത്തിലും തിളങ്ങിയിട്ടുണ്ട് ഈ ചീഫ് സെക്രട്ടറി. കലാപ്രവര്‍ത്തനവും ഭരണപ്രവര്‍ത്തനവും ഒരുപോലെ മുമ്പോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സെക്രട്ടേറിയറ്റിലെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു പൊതുസമൂഹത്തിന്റെ ചുമരുകളില്ലാത്ത വിശാലതയിലേക്കു വേണുവിനെ കേരളം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഡോ. വി വേണുവിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി ചടങ്ങില്‍ സമ്മാനിച്ചു. ഡോ. വി വേണു മറുപടി പ്രസംഗം നടത്തി. കേരള രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന നക്ഷത്രങ്ങള്‍ക്കും ഗുരുക്കന്മാര്ക്കും ഒപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 34 വര്‍ഷത്തെ സര്‍വീസ് ജീവിതം വലിയ അനുഭവങ്ങളും ജീവിത പാഠങ്ങളും സമ്മാനിച്ചു. കേരളം ദുരന്തങ്ങള്‍ അനുഭവിച്ചപ്പോഴൊക്കെ വലിയ പിന്തുണയും മാര്‍ഗദര്‍ശനവും നല്കി മുഖ്യമന്ത്രി മുന്നില്‍ നിന്ന് നയിച്ചതായും അദ്ദേഹം പറഞ്ഞു.
നിയുക്ത ചീഫ് സെക്രട്ടറിയും ഡോ. വേണുവിന്റെ ഭാര്യയുമായ ശാരദാ മുരളീധരന് സ്വാഗതവും ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നന്ദിയും പറഞ്ഞു. മന്ത്രിമാരായ കെ രാജന്, വി ശിവന്‍കുട്ടി, എ കെ ശശീന്ദ്രന്, കെ കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്, പിഎ മുഹമ്മദ് റിയാസ്, ഡോ. ആര് ബിന്ദു, ഉന്നത ഉദ്യോഗസ്ഥര്‍, ഡോ. വി വേണുവിന്റെയും ശാരദമുരളീധരന്റെയും മക്കളായ കല്യാണി, ശബരി, മറ്റ് കുടുംബാംഗങ്ങള്‍, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.