കൊച്ചി: നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ സ്റ്റേ ചെയ്യാനുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികള്‍ വിചാരണക്ക് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഹരജിയില്‍ ഈ മാസം 26 ന് കോടതി വിശദ വാദം കേള്‍ക്കും. വിടുതല്‍ ഹരജിയില്‍ വിധി വരുന്നത് വരെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചിരുന്നത്.
മുന്‍ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ സഭയിലെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിചാരണ. നിലവിലെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് പുറമെ ഇ പി ജയരാജന്, കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവന് എന്നിവരാണ് മറ്റ് പ്രതികള്‍.
കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സി ജെ എം കോടതിയാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. ഇതിന്റെ അപ്പീല്‍ തള്ളിയ സുപ്രീം കോടതി വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.