കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ എന്ന് സംശയം. കോഴിക്കോട്ടെ രണ്ട് പനി മരണങ്ങളില്‍ അസ്വാഭാവികതയുള്ളതായി ആരോഗ്യ വകുപ്പ് സംശയം പ്രകടിപ്പിച്ചു.
ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിലെ പനി മരണത്തിലാണ് അസ്വാഭാവികത സംശയിക്കുന്നത്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട് എന്നും ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും നിപയാണോ എന്നതില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂ എന്നുമാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്. മരിച്ച രണ്ട് പേര്‍ക്കും നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
അതേസമയം മരിച്ച വ്യക്തികളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല. നേരത്തെ സംസ്ഥാനത്ത് രണ്ട് തവണ നിപ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്. ആരോഗ്യമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ആഗസ്റ്റ് 30 നാണ് ആദ്യ രോഗി മരിച്ചത്. എന്നാല്‍ ഇയാളുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ന്യൂമോണിയ ലക്ഷണങ്ങളോടെയാണ് ഈ രോഗി മരിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ ബന്ധുക്കളായ നാല് പേര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. അതിലൊരു കുട്ടിക്ക് ഗൗരവമുള്ള ലക്ഷണങ്ങള്‍ കാണിച്ചു. പക്ഷെ ഇതേദിവസം തന്നെ ഇവിടെ എത്തിയ മറ്റൊരു രോഗി കഴിഞ്ഞ ദിവസം മരിച്ചു.
ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആദ്യരോഗി മരിച്ച ആശുപത്രിയില്‍ രണ്ടാമത് മരിച്ച രോഗി പിതാവിനൊപ്പം ബൈസ്റ്റാന്റര്‍ ആയി എത്തിയിരുന്നു എന്ന് മനസിലായി. അവിടെ നിന്ന് ഒരുപക്ഷെ ഇദ്ദേഹത്തിലേക്ക് രോഗം പകര്‍ന്നിരിക്കാം എന്നാണ് കരുതുന്നത്