തിരുവനന്തപുരം: ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന പരിഷ്‌കാരങ്ങളില്‍ ആകൃഷ്ടരായാണ് ലോക ബാങ്ക് പ്രതിനിധികള്‍ എത്തിയത്. കേരളത്തിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലുമായി സഹകരിക്കാന്‍ ലോകബാങ്കിന് താല്പര്യമുള്ളതായി അവര്‍ അറിയിച്ചു. പഠന നിലവാരം, ജോലിസാധ്യത എന്നിവ വര്‍ദ്ധിപ്പിക്കുന്നതും പാരിസ്ഥിതിക സുസ്ഥിരത, സാമൂഹ്യ നീതി എന്നിവ ഉറപ്പാക്കുന്നതുമായ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായുള്ള സഹകരണം സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ ഡിജിറ്റല്‍ സര്‍വ്വകലാശാലയും സി. ഇ. റ്റിയും സംഘം സന്ദര്‍ശിക്കും.
ഡോ. നീന ആര്‍നോള്‍ഡ് (ഗ്ലോബല്‍ ലീഡ്, ഉന്നത വിദ്യാഭ്യാസം), ഡെന്നിസ് നിക്കാലീവ്, (പ്രോജക്റ്റ് തലവന്‍), അംബരീഷ് (സീനിയര്‍ കാന്‍സല്‍ട്ടന്റ്) ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍, ഇന്റര്‍നാഷണല്‍ സ്പെഷ്യല്‍ ഓഫീസര്‍ എല്‍ദോ മാത്യു എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.