Wednesday, January 15, 2025

HomeNewsKeralaഅണ്ടർ വാട്ടർ അക്വാ ടണലിൽ പൂരം പോലെ പുരുഷാരം

അണ്ടർ വാട്ടർ അക്വാ ടണലിൽ പൂരം പോലെ പുരുഷാരം

spot_img
spot_img

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ആനയറ വേൾ‍ഡ് മാർക്കറ്റിൽ സജ്ജീകരിച്ചിരിക്കുന്ന അണ്ടർ വാട്ടർ അക്വാ ടണലിൽ കടൽക്കാഴ്ചകൾ കാണാനായി പൂരം പോലെ പുരുഷാരം. തിരുവനന്തപുരത്തിന് പുറമേ സമീപ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ആയിരങ്ങളാണ് ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഓണത്തിരക്ക് പ്രമാണിച്ച് പ്രദർശന സമയം നാലുമണിക്കൂർ ദീർഘിപ്പിച്ചു. ഇന്നു മുതൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രദർശനം രാത്രി 11 വരെയാണ് നീട്ടിയത്.

മറൈന്‍ മിറാക്കിൾസ് ഒരുക്കിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍  വാട്ടര്‍ ടണല്‍  അക്വേറിയമാണ് നഗരത്തിന് വ്യത്യസ്ത കൗതുകക്കാഴ്ചകൾ സമ്മാനിക്കുന്നത്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കലാ ട്രസ്റ്റാണ് കടലോളം ഓണം എന്ന പേരിൽ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്സ്പോയും ഒരുക്കിയിരിക്കുന്നത്.

ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് മനം നിറഞ്ഞാണ് കുട്ടികളും കുടുംബങ്ങളും പ്രദർശന നഗരി വിടുന്നത്. പ്രായവ്യത്യാസമില്ലാതെ കാണികൾ കടലിന്‍റെ അടിത്തട്ടിലൂടെ നടന്നുല്ലസിക്കുകയാണ്. തലയ്ക്ക് മുകളിൽ കൂറ്റൻ സ്രാവുകൾ മുതൽ വർണമൽസ്യങ്ങൾ വരെയുള്ള കടൽ ജീവികളാണ് അക്വാ ടണലിലെ വിസ്മയ കാഴ്ച. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും നൽകുന്നുണ്ട്.

തലസ്ഥാന നഗരിയിൽ കഴിഞ്ഞ വർഷത്തെ പോലെ സർക്കാർ ഒരുക്കുന്ന ഓണം വാരാഘോഷമില്ലാത്തതിനാൽ കുടുംബങ്ങൾ ആനയറ വേൾഡ് മാർക്കറ്റിലേക്കാണ് എത്തുന്നത്. ആഴക്കടലിന്‍റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൂറ്റൻ തിമിംഗലങ്ങളും സ്രാവുകളും മുതൽ വ്യത്യസ്തങ്ങളായ വർണ്ണമത്സ്യങ്ങൾ വരെ ഈ അക്വേറിയത്തിലുണ്ട്.  വമ്പൻ മുതല്‍ മുടക്കിൽ നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെ കരയില്‍ സജ്ജീകരിച്ചിരിക്കുന്ന കടലാഴങ്ങളിലെ കാഴ്ചകൾ ഒക്ടോബർ രണ്ടുവരെ തുടരും.

കടലിനടിയിലെ കാഴ്ചകൾ അവസാനിക്കുന്നത് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പെറ്റ് ഷോയിലേക്കാണ്. ഇവിടെ  ഉരഗ വർഗത്തിൽപ്പെട്ട ഇഗ്വാനകളെ തോളിലേറ്റാം, വർണത്തത്തകളെ ഓമനിക്കാം, അപൂർവയിനം പാമ്പുകളെ കഴുത്തിൽ ചുറ്റാം.  ജീവലോകത്തിലെ അപൂർവകാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന പെറ്റ് ഷോയാണ് ഈ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്നത്. 

പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരഗ വർഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യനുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പെരുമ്പാമ്പിന്റെ ഇനത്തിൽപ്പെട്ട ബാൾ പൈത്തൺ, അപൂർവ ജീവിയായ ഗോൾഡൻ നീ ടെറാന്റുല, അപൂർവ ഇനം തത്തകൾ,വിവിധയിനം കോക്കറ്റൂ പക്ഷിയിനങ്ങൾ, കെയ്ക്ക് ബേർഡ്, അരോണ സ്വർണമത്സ്യങ്ങൾ, മാംസഭക്ഷണം ശീലമാക്കിയ അൽ ബിനോ പിരാനാ മത്സ്യങ്ങൾ തുടങ്ങിയവ  പെറ്റ് ഷോയിലുണ്ട്.

 പ്രദർശന നഗരിയിലെ സെൽഫി പോയിന്റുകളാണ് മറ്റൊരു ആകർഷണം. ഈ പോയിന്റുകളിൽ നിന്ന് അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കുമൊപ്പം ചിത്രമെടുക്കാൻ അവസരവുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments