Thursday, October 17, 2024

HomeNewsKeralaലോക ടൂറിസം ദിനം: ഡെസ്റ്റിനേഷന്‍ ദത്തെടുക്കല്‍ പദ്ധതിക്ക് തുടക്കമിട്ട് കേരളത്തിലെ ടൂറിസം ക്ലബ്ബുകള്‍

ലോക ടൂറിസം ദിനം: ഡെസ്റ്റിനേഷന്‍ ദത്തെടുക്കല്‍ പദ്ധതിക്ക് തുടക്കമിട്ട് കേരളത്തിലെ ടൂറിസം ക്ലബ്ബുകള്‍

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള ടൂറിസം കേന്ദ്രങ്ങള്‍ വൃത്തിയായും മനോഹരമായും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ലോക ടൂറിസം ദിനത്തില്‍ ടൂറിസം ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ഡെസ്റ്റിനേഷന്‍ ദത്തെടുക്കല്‍ എന്ന പരിപാടിക്ക് തുടക്കമായി.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വൃത്തിയും ശുചിത്വവും മനോഹാരിതയും ഉണ്ടാകേണ്ടത് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാനമാണെന്ന് വേളി ടൂറിസം വില്ലേജില്‍ ടൂറിസം ക്ലബ്ബ് സംഘടിപ്പിച്ച ലോക ടൂറിസം ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിച്ച ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.

ലോക ടൂറിസം ദിനത്തില്‍ ഡെസ്റ്റിനേഷന്‍ ദത്തെടുക്കല്‍ എന്ന പ്രഖ്യാപനവുമായി ടൂറിസം ക്ലബ്ബുകള്‍ മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും സാധാരണയുള്ള ശുചീകരണ ക്യാമ്പെയ്‌നുകളില്‍ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണെന്നും ടൂറിസം ക്ലബ്ബ് അംഗങ്ങളുമായി സംസാരിക്കവേ മന്ത്രി പറഞ്ഞു.

ടൂറിസവും സമാധാനവും എന്നതാണ് 2024 ലെ ടൂറിസം ദിനത്തിന്റെ പ്രമേയമെന്നും അതുമായി എറ്റവുമടുത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. മതനിരപേക്ഷതക്കും സൗഹാര്‍ദ്ദത്തിനും കേരളം പ്രശസ്തമാണ്. എറ്റവും സമാധാനമായി ജനങ്ങള്‍ ജീവിക്കുന്ന യൂറോപ്യന്‍ ജീവിത നിലവാരമുള്ള നാടാണ് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും ജനങ്ങളെല്ലാം ഒരുമിച്ച് ആഘോഷിക്കുന്നു. കേരളം എന്ന നാടിനെ കൂടുതല്‍ മനോഹരമാക്കുന്നത് ഈ സംസ്‌കാരമാണ്. മനോഹരമായ പ്രകൃതിയുള്ള നാടെന്ന നിലയില്‍ കേരളത്തിന്റെ ആകര്‍ഷണീയത ഇത് വര്‍ദ്ധിപ്പിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ആതിഥ്യമര്യാദ പ്രശസ്തമാണെന്നും ഈ ഘടകങ്ങളെല്ലാം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഉത്തരവാദിത്തത്തോടെ പെരുമാറുകയും ഡെസ്റ്റിനേഷനുകള്‍ ഉത്തരവാദിത്തത്തോടെ പരിപാലിക്കുകയും ചെയ്യുന്ന വിനോദസഞ്ചാരികള്‍ എന്നതാണ് സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന്റെ അടിസ്ഥാനം. ടൂറിസം ക്ലബ്ബുകള്‍ക്ക് ഇക്കാര്യത്തില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഡെസ്റ്റിനേഷന്‍ ദത്തെടുക്കുമ്പോള്‍ ഓരോ ടൂറിസം ക്ലബ്ബും മികച്ച മാതൃക സ്യഷ്ടിക്കണം. ടൂറിസം കേന്ദ്രങ്ങള്‍ വൃത്തിയും ശുചിത്വവും നിലനിര്‍ത്തുന്നത് ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും. ഓരോ ക്ലബ്ബിനും അവര്‍ ദത്തെടുക്കുന്ന ഡെസ്റ്റിനേഷനെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അടുത്ത ടൂറിസം ദിനം വരെ ചെയ്യേണ്ട കാര്യങ്ങള്‍ വെച്ച് ആക്ടിവിറ്റി കലണ്ടര്‍ തയ്യാറാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ടൂറിസം ക്ലബ്ബ് എന്നത് മികച്ച ആശയമാണെന്നും ഓരോ ക്ലബ്ബും തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ എത്രമാത്രം നിറവേറ്റുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ വിജയമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍ സംസ്ഥാനം ആരംഭിക്കുകയാണ്. ടൂറിസം ക്ലബ്ബുകളിലെ അംഗങ്ങളില്‍ പലര്‍ക്കും ഇതിലൂടെ ഭാവിയില്‍ സംരംഭകരാകുന്നതിന് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വേളി ടൂറിസം വില്ലേജ് വൃത്തിയും മനോഹരവുമാക്കുന്നതിനുള്ള തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ മന്ത്രിയുമായി പങ്കുവെച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments