തിരുവനന്തപുരം: ജില്ലയിൽ രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം നാവായിക്കുളത്തെ പ്ലസ്ടു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥി 22നാണ് പഞ്ചായത്തിലെ മാടൻകടവ് കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയിരുന്നത്.
ഓഗസ്റ്റിൽ നാവായിക്കുളത്ത് യുവതിക്കും രോഗം ബാധിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ കുളങ്ങളിലും തോടുകളിലുമായി ആരോഗ്യവകുപ്പ് 80 മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ലോകത്ത് അപൂർവ്വമായ കാണപ്പെടുന്ന ഈ രോഗം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് പകരുന്നത്.
എന്നാൽ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടും ജലാശയങ്ങൾ വൃത്തിയാക്കുന്ന കാര്യത്തിൽ ഇപ്പോഴും കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ല. WHO യുടെ 2016 വരെയുള്ള കണക്കുകൾ പ്രകാരം ലോകത്ത് ആകെ 381 പേർക്ക് മാത്രമേ ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ.
രണ്ടുമാസത്തിനിടയിൽ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. കണ്ണൂരിൽ നിന്നുള്ള 13കാരി ദക്ഷിണ, മലപ്പുറം മുന്നിയൂരിൽ നിന്നുള്ള അഞ്ചുവയസ്സുകാരി ഫത്വ, ഫറോക്ക് സ്വദേശിയായ പതിനാലുകാരൻ മൃദുൽ, കാസർകോട് ചട്ടഞ്ചാൽ സ്വദേശി മണികണ്ഠൻ, തിരുവനന്തപുരം മാറനല്ലൂർ സ്വദേശി തുടങ്ങിയവർ ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരാണ്.