ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന്. ജോസ് കെ. മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
അന്നുതന്നെ വോട്ടെടുപ്പും വൈകിട്ടോടെ ഫലപ്രഖ്യാപനവുമുണ്ടാകും. നവംബര്‍ ഒമ്പതിന് വിജ്ഞാപനമിറങ്ങും. 16ന് നാമനിര്‍ദേശം സമര്‍പ്പിക്കാം.
ഒന്നരവര്‍ഷമാണ് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന്റെ കാലാവധി. ജോസ് കെ മാണി രാജിവെച്ച് 10 മാസത്തിന് ശേഷമാണ് ഉപതെരഞ്ഞെടുപ്പ്. ജോസ് കെ. മാണിയുടെ രാജിയെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മൂന്ന് ഇടത് എം.എല്‍.എമാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.
10 മാസം മുമ്പ് ഒഴിഞ്ഞ സീറ്റില്‍ ഇതുവരെ തെരഞ്ഞെടുപ്പ് നടത്താത്തത് ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, വി.ആര്‍. സുനില്‍ കുമാര്‍, ജോബ് മൈക്കിള്‍ എന്നിവര്‍ ഹരജി നല്‍കിയത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് മുന്നോടിയായായിരുന്നു ജോസ് കെ. മാണിയുടെ രാജി. 2018 ജൂണിലാണ് യു.ഡി.എഫിന്റെ രാജ്യസഭ അംഗമായി ജോസ് കെ. മാണി തെരഞ്ഞെടുക്കപ്പെട്ടത്.
ബാര്‍ കോഴ കേസില്‍ യു.ഡി.എഫുമായി തെറ്റിയ കെ.എം. മാണിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരള കോണ്‍ഗ്രസിന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് നല്‍കിയത്. യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് എല്‍.ഡി.എഫിന്റെ ഭാഗമായ ജോസ് കെ. മാണി എം.പി സ്ഥാനം രാജിവെക്കാത്തതില്‍ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു രാജി.