കോട്ടയം: അഷ്ടവൈദ്യ പരമ്പരയിലെ മുതിര്‍ന്ന അംഗവും ആയുര്‍വേദ ചികിത്സകനുമായ വയസ്‌കര എ.ആര്‍. രാജരാജ വര്‍മയ്ക്ക് (ഓമന-91) അന്ത്യാഞ്ജലി. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അഷ്ടവൈദ്യപരമ്പരയിലെ കണ്ണിയായിരുന്ന വയസ്‌കര ആര്യന്‍ നീലകണ്ഠന്‍ മൂസിന്റെ (രണ്ടാമന്‍ മൂസ്) മകനാണ്.
1931-ല്‍ വൈക്കം പ്ലാസ്സ്ഥാനത്തു കോവിലകത്താണ് ജനനം. വൈക്കം ഗവ.എല്‍.പി.എസ്, കോട്ടയം എം.ഡി.എസ്. എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പാരമ്പര്യമായി ആയുര്‍വേദ വൈദ്യം പഠിച്ചു. വയസ്‌കര ശ്രീശങ്കര മെമ്മോറിയല്‍ രണ്ടാമന്‍ മൂസ് വൈദ്യശാല ഉടമയാണ്. തിരുനക്കര മഹാദേവക്ഷേത്രത്തില്‍ കര്‍ക്കടകത്തില്‍ ഭഗവാനു നേദിക്കുന്ന ഔഷധക്കൂട്ട് നിര്‍ദ്ദേശിച്ചിരുന്നത് രാജരാജ വര്‍മയാണ്.
രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയില്‍ ഉത്രാടക്കിഴി ലഭിക്കുന്ന കൊച്ചി രാജകുടുംബാംഗം എന്‍.കെ സൗമ്യവതി തമ്പുരാട്ടിയാണ് ഭാര്യ. (വൈപ്പിന്‍ നടയ്ക്കല്‍ കോവിലകം കുടുംബാംഗം).
മക്കള്‍: പി.ആര്‍ സുനില്‍ വര്‍മ (ബിസിനസ്), വി.ആര്‍ രാജേഷ് വര്‍മ (ഫോട്ടോഗ്രാഫര്‍), വി.ആര്‍ സൂരജ് വര്‍മ (ഇംഗ്ലണ്ട്). മരുമക്കള്‍: പി.സി പ്രിയ വര്‍മ, സിന്ധു വര്‍മ.