തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ പുരസ്കാരത്തിന് എഴുത്തുകാരൻ അശോകൻ ചരുവിൽ അർഹനായി. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപവുമാണ് പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അശോകൻ ചരുവിലിന്റെ ‘കാട്ടുർ കടവ്’ എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. 48ാം വയലാൽ പുരസ്കാരമാണ് പ്രഖ്യാപിച്ചത്.
വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം നൽകുന്നത്. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകീട്ട് തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ബെന്യാമിൻ, പ്രഫ. കെ.എസ്. രവികുമാർ, ഗ്രേസി ടീച്ചർ എന്നിവരാണ് പുരസ്കാര നിർണയ കമ്മിറ്റിയിലുണ്ടായിരുന്നത്.
പുരസ്കാരചടങ്ങിൽ വയലാർ രാമവർമ രചിച്ച ഗാനങ്ങളും കവിതകളും കോർത്തിണക്കിയ വയലാർ ഗാനാഞ്ജലി ഉണ്ടായിരിക്കും. കഴിഞ്ഞ വർഷം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്കായിരുന്നു പുരസ്കാരം.