കുട്ടനാട്: വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു. ഭാര്യയുടെ വിയോഗത്തില്‍ മനംനൊന്ത് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. തലവടി മാളിയേക്കൽ ശരണ്യയാണ് (34) തൂങ്ങിമരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിക്ക് വിസക്കും വിമാന ടിക്കറ്റിനും പണം കൈമാറിയിരുന്നതായി പറയുന്നു. പോകാനുള്ള വസ്ത്രങ്ങൾവരെ പാക്ക് ചെയ്ത ശേഷമാണ് വിസ തട്ടിപ്പ് അറിയുന്നത്. ഇതിൽ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് സൂചന. ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. പൊലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് ശരണ്യയുടെ ഭർത്താവ് വീടിന്‍റെ വാതിൽ പൂട്ടിയശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്തുകടന്ന് കയര്‍ അറുത്തുമാറ്റി ആശുപത്രിയിൽ എത്തിച്ചു. ഏഴുവർഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് മക്കളില്ല.
പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തി തലവടിയിലെ പലരുടെ കൈയിൽനിന്നും വിസക്ക് പണം വാങ്ങിയതായി സൂചനയുണ്ട്. ഇയാളെക്കുറിച്ച് എടത്വാ പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്. ഐ എൻ. രാജേഷിനാണ് അന്വേഷണച്ചുമതല.