കോഴിക്കോട്: ഏറെ വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയും ഭർത്താവുമായ രാഹുൽ പി. ഗോപാലും, ആദ്യം പരാതി നൽകിയിരുന്ന ഭര്യയും നൽകിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്.
എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി മർദിക്കപ്പെട്ട നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. പിന്നാലെ കോഴിക്കോട് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ പരാതി നൽകുകയും, പൊലീസ് ഗാർഹിക പീഡനവും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും ചെയ്തു. വാർത്ത പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെ വധശ്രമക്കേസും ചുമത്തി.
എന്നാൽ, രാഹുൽ ജർമനിയിലേക്ക് രക്ഷപ്പെട്ടു. ഇതിനിടയിലാണ് ഭർത്താവ് രാഹുൽ മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്താൽ കേസ് നൽകിയതാണെന്നും പറഞ്ഞ് യുവതി രംഗത്തുവന്നത്. ഇതോടെ രാഹുൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയെ മർദിച്ചിട്ടില്ലെന്നും തങ്ങൾക്കിടയിലുണ്ടായിരുന്ന തർക്കം സംസാരിച്ചു തീർത്തു എന്നും രാഹുൽ വ്യക്തമാക്കി. ഇത് ശരിവെച്ച് യുവതി കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു.
ഇതിനിടെ, യുവതിയെ കാണാതായെന്ന് കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഡൽഹിയിലുണ്ടെന്ന് വിവരമറിയുകയും പിന്നീട് വിമാനത്താവളത്തിൽ വെച്ച് യുവതിയെ പൊലീസ് കണ്ടെത്തുകയും ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതി വീട്ടുകാർക്കൊപ്പം പോകാൻ വിസമ്മതിച്ചു.
ഹൈകോടതിയിൽ നേരിട്ടെത്തിയ രാഹുലും യുവതിയും ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം അറിയിച്ചു. കോടതി നിർദേശ പ്രകാരം ദമ്പതികൾക്ക് കൗൺസലിങ്ങും നൽകി. ഇതോടെ ജസ്റ്റിസ് എ. ബദറുദീൻ കേസ് റദ്ദാക്കുകയായിരുന്നു.