തിരുവനന്തപുരം: ഒരു നൂറ്റാണ്ടിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ വര്‍ഷം ഒക്ടോബറിലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ 120 വര്‍ഷത്തിനിടയില്‍ പോലും മഴ ഏറ്റവുമധികം ലഭിച്ചത് 2021 ഒക്ടോബര്‍ മാസത്തിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
1901 മുതലുള്ള കണക്കുകളാണ് ഇതിനായി വിധേയമാക്കിയത്. ഏറ്റവും കൂടുതല്‍ മഴ പെയ്തതായി പറയുന്ന ഒക്ടോബറില്‍ 589.9 മില്ലി മീറ്റര്‍ മഴ ലഭിച്ചതായും കേന്ദ്രം അറിയിച്ചു. 1999 ഒക്ടോബറില്‍ പെയ്ത 566 മില്ലി മീറ്റര്‍ മഴയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് കണക്ക്. ഇതാണ് ഈ വര്‍ഷം ഒക്ടോബറോടെ തിരുത്തിക്കുറിച്ചത്. ഒക്ടോബറില്‍ ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.
ഒക്ടോബര്‍ ആദ്യം മുതല്‍ ഡിസംബര്‍ കഴിയുന്നത് വരെ തുലാവര്‍ഷ സീസണില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് ശരാശരി 491.6 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ഒക്ടോബര്‍ അവസാനിക്കുന്നതിനു മുമ്പേ സീസണില്‍ പ്രതീക്ഷിച്ച മുഴുവന്‍ മഴയും ലഭിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകള്‍ ഒഴികെ മറ്റ് ജില്ലകളിലെല്ലാം ലഭിക്കേണ്ട മുഴുവന്‍ മഴയും കിട്ടി കഴിഞ്ഞിരിക്കുകയാണ്.