തിരുവനന്തപുരം: പട്ടത്തെ എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ വലിയ മാറ്റമില്ല. രക്തസമ്മര്‍ദം ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രക്തസമ്മര്‍ദം ഇപ്പോള്‍ നിയന്ത്രണവിധേമായിട്ടുണ്ട്.
തല്‍ക്കാലം ഐ.സി.യുവില്‍ തുടരും. വിഎസ്സിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഎസ്സിന് ഉദരസംബന്ധങ്ങളായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാണെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. വി.എസിന് വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒക്ടോബര്‍ 20ന് അദ്ദേഹത്തിന്റെ 98-ാം പിറന്നാള്‍ ആയിരുന്നു. തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ‘വേലിക്കകത്ത്’ വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സര്‍ക്കാരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വി.എസ് 2021 ജനുവരിയില്‍ ആ പദവി രാജിവെച്ചിരുന്നു.
നേരത്തെ ആശുപത്രി വിട്ട ശേഷമുള്ള ദിവസങ്ങളില്‍ കിടക്കയില്‍ തന്നെ ആയിരുന്ന വി എസ് പിന്നീട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി.