കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ ജനജീവിതം തടസ്സപ്പെടുത്തി സമരം ചെയ്ത കോണ്‍ഗ്രസിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ പ്രവര്‍ത്തകര്‍ കാണിച്ചത് കൊടും ക്രൂരത. താരത്തിന്റെ മര്‍ദിക്കാന്‍ വരെ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടം ജോജുവിന് ഉണ്ടായെന്നാണ് പോലീസ് പറയുന്നത്.
ഏഴംഗ സംഘത്തിലെ ഒരാള്‍ വാഹനത്തിലെ ഡോര്‍ വലിച്ച് തുറന്ന് ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറയുകയായിരുന്നു. മറ്റൊരാള്‍ വാഹനത്തിന്റെ ചില്ല് കല്ല് കൊണ്ട് തല്ലിത്തകര്‍ക്കുകയായിരുന്നു. ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പോലീസ് പറഞ്ഞു. ഈ ഏഴ് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മരട് പോലീസ് കേസെടുത്തത്. നേരത്തെ തന്നെ വിമര്‍ശിച്ചവര്‍ക്ക് ജോജു മറുപടി നല്‍കിയതും വൈറലായിരുന്നു. അതേടാ കാശുണ്ടായിട്ട് തന്നെയാ, പണിയെടുത്ത് സ്വന്തമായി ഉണ്ടാക്കിയ കാശാണെന്നും ജോജു പ്രതിഷേധത്തിനിടെ പറയുന്നുണ്ട്.
ലാന്‍ഡ് റോവര്‍ അടുത്തിടെ അവതരിപ്പിച്ച ഡിഫന്‍ഡറിന്റെ ഫൈവ് ഡോര്‍ പതിപ്പായ 110ന്റെ ഫസ്റ്റ് എഡിഷന്‍ മോഡലാണ് ജോജു ജോര്‍ജ് അടുത്തയിടെ വാങ്ങിയത്. 83 ലക്ഷം രൂപ മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ കരുത്തന്‍ എസ്.യു.വിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളില്‍ ഒന്നാണ് ഡിഫന്‍ഡര്‍ എസ്.യു.വി. താന്‍ ഏറെ കൊതിച്ച് വാങ്ങിയ വണ്ടിയാണിതെന്ന് ജോജു പറഞ്ഞു.
മുന്‍ മേയര്‍ ടോണി ചമ്മണിക്കെതിരെ ഗുരുതരമായ കാര്യങ്ങളാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടോണിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പോലീസ് പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ പ്രതിക്കൂട്ടിലാക്കിയരിക്കുകയാണ് പോലീസ് റിപ്പോര്‍ട്ട്.
ജോജു ജോര്‍ജിനെതിരെ അക്രമം നടത്തിയത് മുന്‍ മേയര്‍ കൂടിയായ ടോണി ചമ്മണിയുടെ നേതൃത്വത്തിലാണെന്ന് പോലീസ് പറയുന്നു. പോലീസിന്റെ എഫ്‌ഐആറിലും ചമ്മണിയുടെ പേരാണ് ഉള്ളത്. ടോണി അടക്കം ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് ടെുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജോജുവിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ ജോജുവിനോട് ക്രൂരതകള്‍ കാണിച്ചത്.
അതേസമയം ജോജുവിനെതിരെ പിസി ജോര്‍ജ് രംഗത്ത് വന്നു. റോഡ് ഉപരോധിച്ചല്ലാതെ പിന്നെങ്ങനെയാണ് സമരം നടത്തേണ്ടത്. താനായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നുവെന്ന് ജോര്‍ജ് പറയുന്നു. പാവം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ചെല്ലാന്‍ ജോജു ആരാണ്. അയാള്‍ക്ക് കൂടി വേണ്ടിയല്ലേ അവര്‍ സമരം ചെയ്തത്. ജോജുവിനെ കണ്ടാല്‍ കള്ളുകുടിയതിനെ പോലെയാണിരിക്കുന്നത്. അയാള്‍ അവിടെയെത്തിയത് ഓട്ടോറിക്ഷയിലാണെന്ന വാദം തെറ്റാണ്. കോണ്‍ഗ്രസ് അരമണിക്കൂര്‍ സമരം നടത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. ഈ സമര സമയത്ത് എന്തിനാണ് ജോജു അവിടെ പോയത്. കോണ്‍ഗ്രസ് ആയത് കൊണ്ട് ഷൈന്‍ ചെയ്യാന്‍ നോക്കിയതാണ്. കമ്മ്യൂണിസ്റ്റുകാരായിരുന്നെങ്കില്‍ ജോജു ആശുപത്രിലാകുമായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.
ജോജുവിന് പിന്തുണയുമായി നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി. ജനങ്ങളെല്ലാവരും പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് ജോജു പറഞ്ഞത്. ഒരു കലാകാരന് അതിനുള്ള അവകാശമുണ്ട്. ജോജു സിനിമാ നടനാണെന്ന പിടിവള്ളിയാണ് വിമര്‍ശിക്കുന്നവര്‍ മുന്നോട്ട് വെക്കുന്നത്. സിനിമാ നടനായത് കൊണ്ട് ഇത്തരം വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കാന്‍ പാടില്ലേ. ഒരു വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറി എന്നൊക്കെയാണ് അവര്‍ പറയുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ജോജു പ്രതികരിച്ചു എന്നതാണ് സത്യം. താന്‍ ജോജുവിനൊപ്പമാണെന്നും പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.
ജോജുവിന്റെ വൈദ്യപരിശോധനാഫലം പുറത്തു വന്നു. നെഗറ്റീവാണ്..രാവിലെ കൊച്ചിയിലെ സ്വന്തക്കാരുടെ അഴിഞ്ഞാട്ടം ന്യായീകരിക്കാന്‍ ശ്രീ സുധാകരന്‍ജി ഒരു പത്ര സമ്മേളനം വിളിക്കുകയും മദ്യപിച്ച ഒരു തെരുവ് ഗുണ്ടാ എന്ന് ജോജുവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നതു കണ്ടു. ഒന്നേ പറയാനുള്ളു. കുമ്പളത്തു ശങ്കുപ്പിള്ളയും ആര്‍. ശങ്കറും സി.കെ. ഗോവിന്ദന്‍ നായരും വി.എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെമൊക്കെയോ വിവരദോഷം കൊണ്ട് താങ്കള്‍ ഇരിക്കുന്നത്. നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും എന്നായിരുന്നു സംവിധായകന്‍ എം പത്മകുമാര്‍ വിമര്‍ശിച്ചത്. സംവിധായകന്‍ എകെ സാജനും കോണ്‍ഗ്രസ് നടപടിക്കെതിരെ രംഗത്ത് വന്നു. കോണ്‍ഗ്രസ് കാലഹരണപ്പെട്ട സമരമുറകള്‍ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.