തിരുവനന്തപുരം: ചിറയൻകീഴിൽ നവവരന് ഭാര്യാസഹോദരന്‍റെ ക്രൂരമർദനം. ആനത്തലവട്ടം സ്വദേശി മിഥുൻ കൃഷ്ണനാണ് മർദനമേറ്റത്. വിവാഹ ശേഷം ഭാര്യയുടെ മതത്തിലേക്ക് മാറണമെന്ന വീട്ടുകാരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് മർദനമെന്നാണ് പരാതി.
മിഥുൻ കൃഷ്ണൻ ഹിന്ദു മതത്തിലും ഭാര്യ ദീപ്തി ജോർജ് ക്രിസ്ത്യൻ മതത്തിലുമായിരുന്നു. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. കഴിഞ്ഞ 26നായിരുന്നു ഇവരുടെ രജിസ്റ്റർ വിവാഹം. വിവാഹത്തെ ഇരുവരുടെയും കുടുംബങ്ങൾ എതിർത്തിരുന്നു.
പിന്നീട്, ഒത്തുതീർപ്പിന് വരണമെന്ന് ആവശ്യപ്പെട്ട് ദീപ്തിയുടെ ബന്ധുക്കൾ മിഥുനെ വിളിച്ചുവരുത്തി. മതംമാറാൻ തയാറാകണമെന്നായിരുന്നു ഇവരുടെ ആവശ്യമെന്ന് മിഥുൻ പറയുന്നു. ഈ ആവശ്യത്തെ മിഥുനും ദീപ്തിയും ഒരുമിച്ച് എതിർത്തു.
പിന്നീട് 29ന് വീണ്ടും ഇരുവരെയും ദീപ്തിയുടെ ബന്ധുക്കൾ വിളിച്ചുവരുത്തി. തുടർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റ മിഥുനെ ആദ്യം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, കേസിലെ പ്രതിയായ ദീപ്തിയുടെ സഹോദരൻ ഡാനിഷിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്ന് മിഥുന്‍റെ വീട്ടുകാർ ആരോപിച്ചു. പൊലീസ് പ്രതികൾക്ക് സഹായകമാകുന്ന നടപടികളുമായാണ് മുന്നോട്ടുപോകുന്നതെന്നും ദീപ്തിയും മിഥുന്‍റെ ബന്ധുക്കളും ആരോപിക്കുന്നു.