കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ തയ്യാറാണെന്ന് ഡി സി സി സി അധ്യക്ഷന്‍ മുഹമ്മദ് റിയാസ്. ഇരു കൂട്ടരും പ്രകോപനപരമായി പെരുമാറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ജോജുവിനോട് മാപ്പു പറയാന്‍ പോലും തങ്ങള്‍ തയ്യാറാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. മീഡിയ വാണ്‍
ഞങ്ങള്‍ നടത്തിയത് ഒരു ജനകീയ സമരമാണ്. അതിനെ ജനങ്ങള്‍ ഏറ്റെടുത്തു. ആ സമരത്തിനിടെയുണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായവരുമായി ഞങ്ങള്‍ ഇന്നും ഇന്നലെയുമായി സംസാരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വിഷയങ്ങള്‍ പരസ്പരം തീര്‍ക്കാനുള്ള ഒരു ശ്രനം നടത്തുകയാണ്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ബാധ്യത ഓരോ വ്യക്തികള്‍ക്കുമുണ്ട്. ആ വ്യക്തികള്‍ക്കുള്ള ബാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ അത് ആരോഗ്യകരമായിരിക്കണമെന്ന അടിസ്ഥാന തത്വം കൂടിയുണ്ട്, ഷിയാസ് മീഡിയ വണ്ണിനോട് പറഞ്ഞു.
അന്ന് നടന്നത് ആരോഗ്യകരമായിരുന്നില്ല. ഒരു പ്രതിഷേധത്തിന് നടുവിലേക്ക് തീഷ്ണമായ ഭാഷയിലും ശൈലിയിലും സംസാരിച്ചതാണ് അന്നത്തെ വിഷയത്തിന് കാരണമായത്. അത്തരത്തില്‍ പെരുമാറിയ ജോജുവിനും തെറ്റു പറ്റി അതിനെതിരെ പ്രതിഷേധിച്ച ഞങ്ങള്‍ക്കും തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ തെറ്റ് ഏറ്റ് പറയുകയും പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമങ്ങളുമായി ഞങ്ങള്‍ മുന്‍പോകുകയാണ്. ഉടന്‍ തന്നെ പ്രശ്‌നങ്ങള്‍ ആര്‍ക്കും ബുദ്ധിമുട്ടാകാതെ തരത്തില്‍ പരിഹരിക്കും, ഷിയാസ് വ്യക്തമാക്കി.
ഇതൊരു ജനകീയ സമരമായിരുന്നുവെന്ന ബോധ്യം ഇരുകൂട്ടര്‍ക്കുമുണ്ട്. അദ്ദേഹത്തിന്റെ പ്രതിഷേധം ആ ഒരു സാഹചര്യത്തിന് യോജിക്കുന്ന ഒന്നായിരുന്നില്ല. അതാണ് തിരിച്ചും ഒരു പ്രതിഷേധം ഉണ്ടായത്. അതും സ്വാഭാവികമായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാതെ തരത്തില്‍ അത് പരിഹരിക്കപ്പെടണം. പ്രശ്‌നത്തിനിടയില്‍ പരസ്പരം വ്യക്തിപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സംസാരിച്ച് തീര്‍ക്കാന്‍ ഒരുക്കമാണ്. മാപ്പ് പറയാന്‍ പോലും തങ്ങള്‍ തയ്യാറാണ്.
അന്ന് റോഡിലുണ്ടായ പലര്‍ക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. അവരോടൊക്കെ ഞങ്ങള്‍ മാപ്പ് ചോദിച്ചു. ഞങ്ങള്‍ വഴിതടയുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനാല്ല. ജീവിതം ദുസഹ്ഹമായിരിക്കുന്ന നിരവധി പേര്‍ ഈ നാട്ടിലുണ്ട്. അവരുടെ വഴി തടസപെടാതിരിക്കാനുള്ള ശ്രമമാണ് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നുള്ള ഉത്തമമായ വിശ്വാസം ഉണ്ട്.
110 രൂപയ്ക്ക് പെട്രോളും 104 രൂപയ്ക്ക് ഡീസലുമൊന്നും അടിക്കാന്‍ എനിക്ക് സാധിക്കില്ല. 1200 രൂപകൊടുത്ത് ഗ്യാസ് വാങ്ങാന്‍ സാധിക്കില്ല. ദുരിതം പേറുന്ന മനുഷ്യന് വേണ്ടി മുന്നില്‍ നിന്ന് നയിക്കാനുള്ള ബാധ്യതയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. അതിന്റെ പേരില്‍ ജയിലോ കേസോ വിധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സന്തോഷത്തോടെ ഏറ്റുവാങ്ങാന്‍ തയ്യാറാണ്, മുഹമ്മദ് ഷിയാസ് പറഞ്ഞു.സമരത്തിന്റെ ഉദ്ദേശശുദ്ധി നടന് മനസ്സിലായെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അക്കാര്യം അറിയിച്ചുവെന്നും ഷിയാസ് അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഹൈബി ഈഡന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്‌ന പരിഹാര ചര്‍ച്ച. ജോജുവിന്റെ സുഹൃത്തുക്കളുമായും നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇന്ധന വില വര്‍ധനവിനെതിരെ ഗതാഗതം സ്തംഭിപ്പിച്ച് കൊച്ചിയില്‍ സമരം നടത്തിയ കോണ്‍ഗ്രസിനെതിരെ ജോജു പ്രതിഷേധിച്ചത്.ഇടപ്പള്ളിയില്‍ വെച്ചായിരുന്നു സംഭവം. ഏറെ നേരം റോഡ് തടസപ്പെടുത്തി സമരം നടത്തിയതോടെയായിരുന്നു ജോജു പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ച താരത്തിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. ജോജു മദ്യപിച്ചെത്തി ഗുണ്ടയെ പോലെ പെരുമാറിയെന്നായിരുന്നു പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചത്.