അബൂദബി: നടന്‍ പ്രണവ് മോഹന്‍ലാല്‍ യു.എ.ഇയുടെ ദീര്‍ഘകാല താമസവിസയായ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ആസ്ഥാനത്തുവച്ച് നടന്ന ചടങ്ങില്‍ സര്‍കാര്‍കാര്യ മേധാവി ബദ്രേയ അല്‍ മസൌറി പ്രണവിന് ഗോള്‍ഡെന്‍ വിസ കൈമാറി. മന്ത്രാലയത്തിലെ ഉന്നത ഉദ്യേഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ അല്‍ ഹമ്മാദി, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
നേരത്തെ മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡെന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹ് മദ്, സിദ്ദിഖ്, ഗായിക കെ.എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ഗോള്‍ഡെന്‍ വിസ സ്വീകരിച്ചിരുന്നു.
അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോള്‍ഡെന്‍ വിസ പദ്ധതി 2018ലാണ് യു.എ.ഇ സര്‍കാര്‍ ആരംഭിച്ചത്. കലാരംഗത്തെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഉള്‍പെടെ വിവിധ മേഖലയില്‍ ശ്രദ്ധേയരായവര്‍ക്കാണ് യു.എ.ഇ 10 വര്‍ഷത്തെ ഗോള്‍ഡെന്‍ വിസ നല്‍കുന്നത്.