തിരുവനന്തപുരം: ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. അര്‍ധരാത്രി 12 മണിമുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷനും , ബി.എം.എസിന്റെ എംപ്‌ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള ടി.ഡി.എഫ് 48 മണിക്കൂറാണ് പണിമുടക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് ഒന്ന് പോലും നിരത്തിലിറങ്ങിയില്ല. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലെ ജനങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഇവിടങ്ങളിലൊക്കെയും കെ.എസ്.ആര്‍.ടി.സി മാത്രമാണ് ആകെയുള്ള ആശ്രയം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും സമരം കാര്യമായി ബാധിക്കില്ല. സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ ഇവിടങ്ങളിലെ ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വരുന്നില്ല.
അതേസമയം കോവിഡ് സാഹചര്യമായതിനാല്‍ കെ.എസ്.ആര്‍.ടി.സി മാത്രം സര്‍വീസ് നടത്തുന്ന ഉള്‍നാടന്‍ പ്രദേശങ്ങളിലെ അവസ്ഥ ദയനീയമാണ്. കോവിഡായതും യാത്രക്കാരുടെ കുറവ് മൂലവും പലയിടങ്ങളിലും സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തി വച്ചിരുന്നു. അതിനാല്‍ ഇവിടങ്ങളിലെ ജനങ്ങളാണ് ഏറ്റവും കൂടുതല്‍ വലഞ്ഞത്. തെക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ വന്‍ തുക നല്‍കി ഓട്ടോറിക്ഷക്കും മറ്റുമാണ് ലക്ഷ്യ സ്ഥാനത്തേക്ക് എത്തുന്നത്.
ബസ്സില്‍ 20രൂപക്കുള്ളില്‍ ചാര്‍ജാകുന്ന സ്ഥലങ്ങളിലേക്ക് ഓട്ടോയില്‍ പോകുമ്പോള്‍ 50 മുതല്‍ 60 രൂപ വരെവ കൊടുക്കേണ്ട അവസ്ഥയാണെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിതക്കേണ്ടത് തന്നെയാണെന്നാണ് ജനങ്ങളും പറയുന്നത്.
കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്‌കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് തുടങ്ങിയതെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചിരുന്നു.