കൊച്ചി: മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒ.ടി.ടി റിലീസിംങ് തന്നെ. തിയേറ്റര്‍ ഉടമകളുമായി ഫിലിം ചേമ്പര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ തന്നെ സിനിമ ഇറങ്ങുമെന്ന് ഉറപ്പായത്. ഫിലിം ചേമ്പര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. നിര്‍മ്മാതാവിന്റെ പ്രതിനിധികളും തിയേറ്റര്‍ ഉടമകളും ഇന്ന് നടത്തിയ അവസാന ഘട്ട ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.
കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ സിനിമാ മേഖല സ്തംഭിച്ചപ്പോള്‍ മരക്കാരിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കാന്‍ തക്കവണ്ണം തയാറാക്കിയ ചിത്രം എന്തുവന്നാലും തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്ന തീരുമാനത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യം. എന്നാല്‍ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത പരന്നത് ആഴ്ചകള്‍ക്ക് മുമ്പ്. ദേശീയ ചലചിത്ര അവാര്‍ഡ് ദാന ചടങ്ങിനെത്തിയ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു.
ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരക്കാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. നിര്‍മ്മാതാവിന്റെ പരസ്യപ്രസ്താവന തിയേറ്ററുടമകളില്‍ കടുത്ത നിരാശയുണുണ്ടാക്കിയത്.
കൊറോണ പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നെങ്കിലും കാണികള്‍ കുറഞ്ഞതിനാല്‍ തിയേറ്ററുകളിലും ഷോകള്‍ റദ്ദാക്കേണ്ട സാഹചര്യമാണ്. മരക്കാര്‍ പോലൊരു ചിത്രം റിലീസിനെത്തിയാല്‍ പ്രേക്ഷകര്‍ കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്ന തങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് നിര്‍മാതാവിന്റെ പ്രസ്താനയെന്ന് തീയേറ്റര്‍ ഉടമകള്‍ പറയുന്നു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യമാണ് മരക്കാറിനെ തീയേറ്ററില്‍ റിലീസില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. നിലവില്‍ അമ്പത് ശതമാനം മാത്രമാണ് തിയേറ്ററിലെ കപ്പാസിറ്റി. അതുകൊണ്ട് തിയേറ്ററില്‍ റിലീസ് ചെയ്താലും ലാഭമുണ്ടാക്കാനാവില്ലെന്നാണ് മരക്കാറിന്റെ നിര്‍മാതാക്കള്‍ കണക്കുകൂട്ടല്‍. മരക്കാര്‍ തീയേറ്ററില്‍ റിലീസ് ചെയ്യണമെങ്കില്‍ 50 കോടി രൂപ അഡ്വാന്‍സ് നല്‍കണമെന്ന് നേരത്തെ ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ തനിക്ക് മിനിമം ഗ്യാരണ്ടി നല്‍കണമെന്നും ആന്റണി പെരുമ്പാവൂര്‍ ഫിലിം ചേംബറിനെ അറിയിച്ചിരുന്നു. എന്നാല്‍ നഷ്ടം വന്നാല്‍ ആ പണം തിരികെ നല്‍കില്ലന്നും, എന്നാല്‍ ലാഭവിഹിതം നല്‍കണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ 50 കോടി രൂപ അഡ്വാന്‍സ് തുക നല്‍കാനാവില്ലെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍ സ്വീകരിച്ചത്.
ഒടിടിയില്‍ ആമസോണ്‍ അടക്കമുള്ള പഌറ്റ് ഫോമുകള്‍ മരയ്ക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങള്‍ കൂടി ഉള്ളതിനാല്‍ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പന്‍ റിലീസാണ് ഒ.ടി.ടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.