കൊച്ചി: സംസ്ഥാനത്തെ മദ്യശാലകള്‍ പൊതുജനങ്ങള്‍ക്ക് ശല്യമാകുന്നു എന്ന് ഹൈക്കോടതി. പലപ്പോഴും വീടുകള്‍ക്ക് സമീപമുള്ള മദ്യശാലകളുടെ പ്രവര്‍ത്തനം ജനജീവിതം ദുസഹമാക്കുന്നുണ്ട്. പ്രധാന പാതയോരങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ നീണ്ട നിരകള്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.
മദ്യശാല ആരംഭിക്കുമ്പോള്‍ സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം പ്രവര്‍ത്തിക്കേണ്ടതെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പിന്നീട് കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.
അതേസമയം, മദ്യശാലകള്‍ക്കുമുന്നിലെ നീണ്ട വരി അവസാനിപ്പിക്കാന്‍ സംസ്ഥാനത്ത് പുതിയ 175 വില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിക്ക് നല്‍കിയ വിശദീകരണത്തില്‍ ഇതുമായി ബന്ധപ്പെട്ട് ബെവ്‌കോ നല്‍കിയ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണന്ന് സത്യവാങ് മൂലത്തില്‍ അഭിഭാഷകന്‍ അറിയിച്ചു.
മാത്രമല്ല, വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഇപ്പോള്‍ കേരളത്തില്‍ കണ്‍സ്യൂമര്‍ ഫെഡ്, ബെവ്‌കോ ഉടമസ്ഥതയില്‍ 306 മദ്യ വില്‍പന ശാലകളാണുള്ളത്.1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാല എന്നതാണ് അനുപാതം. 175 എണ്ണംകൂടി പുതുതായി തുടങ്ങിയാല്‍ 71,000 പേര്‍ക്ക് ഒരു മദ്യശാല എന്നായി മാറും. സ്വകാര്യബാറുകള്‍ ഇതിനുപുറമെയാണ്.