കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ പ്രതിഷേധവുമായെത്തിയ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മേയര്‍ ടോണി ചെമ്മിണി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൈക്കൂടം സ്വദേശി പി.ജി ജോസഫിനെ കുറ്റം സമ്മതിപ്പിക്കാനായി പൊലീസ് പീഡിപ്പിച്ചെന്നാണ് ടോണി ചെമ്മിണിയുടെ ആരോപണം.
കുറ്റം സമ്മതിപ്പിക്കാന്‍ സി.പി.എം പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും. ഒരു മന്ത്രി നിരന്തരം സ്‌റ്റേഷനിലേക്ക് വിളിച്ചുവെന്നും ടോണി ചെമ്മിണി ആരോപിച്ചു. ഐഎന്‍ടിയുസി വൈറ്റില ഓട്ടോ സ്റ്റാന്‍ഡ് കണ്‍വീനറും കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സോണി ജോസഫിന്റെ ഭര്‍ത്താവുമാണ് പി.ജി ജോസഫ്. സംഭവത്തില്‍ ആദ്യം അറസ്റ്റിലായതും ഇദ്ദേഹമാണ്.
150 രൂപക്കുള്‍പ്പെടെ പെട്രോള്‍ അടിച്ച്‌കൊണ്ടിരുന്ന ജോജു ഇപ്പോള്‍ 100 രൂപക്കല്ലെ പെട്രോള്‍ അടിക്കുന്നത്. അത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം കൊണ്ടാണ്, സമരത്തിന്റെ ആനുകൂല്യം ജോജുപോലും പറ്റുന്നുണ്ട്. പിന്നെന്താണ് അദ്ദേഹത്തിന് മാപ്പ് പറയാന്‍ മടിയെന്നും ഷിയാസ് ചോദിച്ചു.
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷിയാസ് പറഞ്ഞു. സമരത്തിലെ അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി ജോജുവാണെന്നും പൊലീസും ഇടതുനേതാക്കളും നടത്തിയ ഗൂഢാലോചന വൈകാതെ പുറത്തു കൊണ്ടുവരുമെന്നുംകോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കാര്‍ തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചെമ്മിണിയുള്‍പ്പെടെയുള്ള അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്നലെയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 3,75,000 രൂപ വീതം ഓരോരുത്തരും കെട്ടിവെയ്ക്കണമെന്നും കൂടാതെ 50,000 രൂപയുടെ രണ്ടു ആള്‍ജാമ്യത്തിലുമാണ് കോടതി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്. ടോണിക്ക് പുറമെ മനു ജേക്കബ്, ജോസ് മാളികക്കല്‍, ജര്‍ജസ്സ്, ജോസഫ് എന്നിവര്‍ക്കാണ് ഇന്നലെ ജാമ്യം ലഭിച്ചത്.