ന്യുഡല്‍ഹി: സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് വരുമാനനികുതി ഈടാക്കാമെന്ന കേരള ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. സുപ്രീം കോടതിയാണ് സ്‌റ്റേ ചെയ്തത്. ജസ്റ്റിസ്മാരായ യു.യു.ലളിത്, രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്.
ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് ആയിരുന്നു കേരള ഹൈക്കോടതിയുടെ വിധി. ഇതിന് എതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ റോമി ചാക്കോ ഹാജരായി. കന്യാസ്ത്രീകള്‍, പുരോഹിതര്‍, സന്ന്യാസികള്‍ എന്നിവരുടെ ശമ്പളത്തില്‍ നിന്ന് നികുതി പിടിക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
കന്യാസ്ത്രീകളും പുരോഹിതരും അവര്‍ പ്രതിനിധാനം ചെയ്യുന്ന സഭകളുടെ ഭാഗമാണെന്നും അവര്‍ക്ക് കിട്ടുന്ന വേതനം വ്യക്തികള്‍ക്ക് കിട്ടുന്ന വേതനമായി കണക്കാക്കാനാവില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിക്ക് എതിരായ അപ്പീലുകളും സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്. രണ്ട് അപ്പീലുകളും ഒരുമിച്ച് കേള്‍ക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.