ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 140 അടിയായി ഉയര്‍ന്നു. ശക്തമായ മഴ തുടര്‍ന്നതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് തമിഴ്‌നാട് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 142 അടിയാണ് അണക്കെട്ടിലെ റൂള്‍ കര്‍വ്.
ജലനിരപ്പ് ഉയര്‍ന്നതോടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 900 ഘടയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 500 ഘനയടിയായിരുന്നു.
അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യത. അങ്ങിനെയെങ്കില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് അധിക ജലം ഒഴുക്കി കളഞ്ഞേക്കും. ഷട്ടറുകള്‍ തുറക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാറിലെ അണക്കെട്ടിന് സമാനമായ രീതിയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയരുന്നുണ്ട്. നിലവില്‍ 2398.76 ആണ് ജലനിരപ്പ്. ഈ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടും തുറന്നേക്കും.