തിരുവനന്തപുരം: മഹാഭാരതത്തിലെ പാണ്ഡവര്‍ തങ്ങളുടെ അസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ആസ്‌ത്രേലിയ എന്ന പരാമര്‍ശം നടത്തിയ ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയെ കണക്കിന് ട്രോളി സോഷ്യല്‍ മീഡിയ.
നേരത്തെ, ഭക്തന്‍മാരില്‍ ഒരാളുടെ ചോദ്യത്തിനുത്തരമായാണ് രവിശങ്കര്‍ ഇക്കാര്യം പറഞ്ഞത്. പാണ്ഡവര്‍ തങ്ങളുടെ ബ്രഹ്മാസ്ത്രം, പശുപത അസ്ത്രം തുടങ്ങിയവ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത് എന്നാണ് ഒരു ഭക്തന്‍ അദ്ദേഹത്തോട് ചോദിച്ചത്. ഇതിന് ആസ്‌ത്രേലിയ എന്നായിരുന്നു ശ്രീ ശ്രീ രവിശങ്കറുടെ ഉത്തരം. ”നമ്മുടെ മഹാഭാരതത്തില്‍ അതിനെ അസ്ത്രാലയ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതാണ് പിന്നീട് ഓസ്‌ട്രേലിയ ആയി മാറിയത്…” രവിശങ്കര്‍ പരഞ്ഞു.
ഇതോടുകൂടിയാണ് ട്രോളന്‍മാര്‍ രവിശങ്കറിനെ കൊന്ന് കൊലവിളിച്ചത്. പിന്നാലെ ഓരോ രാജ്യങ്ങള്‍ക്കും ‘പൗരാണികമായ’ പല പല നിര്‍വചനങ്ങളാണ് ട്രോളന്‍മാര്‍ നല്‍കുന്നത്. യുദ്ധം ചെയ്ത് ബോറടിച്ചപ്പോള്‍ പാണ്ഡവര്‍ കപ്പലണ്ടി കൊറിച്ച സ്ഥലാണ് കൊറിയ എന്നും, പകിട കളിയില്‍ ശകുനി പാണ്ഡവന്‍മാര്‍ക്ക് ചെക്ക് പറഞ്ഞ സ്ഥലമാണ് ചെക്ക് റിപ്പബ്ലിക്കെന്നും ട്രോളന്‍മാര്‍ പരിഹസിക്കുന്നു.
യുദ്ധം കഴിഞ്ഞ് പാണ്ഡവന്മാര്‍ സ്ലോ മോഷനില്‍ നടന്നു (വാക്ക് ചെയ്ത്) വന്ന സ്ഥലം ‘സ്ലോവാക്കിയ’. ദ്രോണര്‍ ഏകലവ്യനോട് ‘ദക്ഷിണ താ ഫ്രീക്കാ’ എന്ന് പറഞ്ഞ സ്ഥലം, ‘ദക്ഷിണാഫ്രിക്ക’. യുദ്ധത്തിന്റെ തലേന്ന് വെറും മുപ്പത്തഞ്ച് അമ്പ് കിട്ടിയാല്‍ ഞങ്ങള്‍ ജയിക്കും എന്ന് വീമ്പുപറഞ്ഞ ദുര്യോധനനോട് നമുക്ക് ‘കാണാടാ’ എന്ന് ഭീമന്‍ പറഞ്ഞ സ്ഥലം ‘കാനഡ’ തുടങ്ങിയവയാണ് ഏറെ ചിരിയുണര്‍ത്തുന്ന അപാര ട്രോളുകള്‍.