ന്യൂഡല്‍ഹി: കെ.പി.സി.സി നേതൃത്വത്തിന്റെ നടപടികളില്‍ സോണിയാ ഗാന്ധിയെ അതൃപ്്തി നേരിട്ടറിയിച്ച് ഉമ്മന്‍ ചാണ്ടി. പാര്‍ട്ടി പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള തന്റെ പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് ഉമ്മന്‍ ചാണ്ടി സോണിയയെ കണ്ടത്. പുനസംഘടന വേണ്ടെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി.
കോണ്‍ഗ്രസിനുള്ളില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ വലിയ കലാപം നടക്കുന്നുണ്ട്. സോണിയാ ഗാന്ധിക്ക് പല നേതാക്കളും ഇവരുടെ പ്രവര്‍ത്തനത്തിനെതിരെ കത്തയച്ചിരിക്കുകയാണ്. പാര്‍ട്ടിയെ തകര്‍ക്കുന്നതാണ് ഇവരുടെ നയമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടത്.
കോണ്‍ഗ്രസ് പുനസംഘടനയുമായി മുന്നോട്ട് പോകാനാണ് കെ സുധാകരന് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന സന്ദേശം. എന്നാല്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അടങ്ങുന്ന നിലവിലെ നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുന്നുവെന്നാണ് ഉമ്മന്‍ചാണ്ടി സോണിയാ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുക്കണം.
പുനസംഘടന തുടരുന്ന കാര്യത്തില്‍ എഐസിസി വ്യക്തത വരുത്തണമെന്നും ഉമ്മന്‍ ചാണ്ടി സോണിയയെ അറിയിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലെ സാഹചര്യം ചര്‍ച്ചയായെന്നും എന്നാല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ പുനസംഘടന വേണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. രമേശ് ചെന്നിത്തല ഈ നിലപാടിനൊപ്പം നില്‍ക്കുന്നുണ്ട്. എന്നാല്‍ പുനസംഘടന എന്ത് വില കൊടുത്തും നടത്തുമെന്നാണ് സുധാകരന്റെ നിലപാട്. ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും ഈ നിലപാടിനൊപ്പമാണ്.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മക്കളെ വളര്‍ത്താനാണ് നോക്കുന്നതെന്നാണ് മറ്റൊരു പരാതി. അതേസമയം പുനസംഘടന തുടരാനുള്ള കെപിസിസി നേതൃത്വത്തിന്റെ നീക്കത്തില്‍ എഐസിസി വ്യക്തത വരുത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിഡി സതീശന്‍ നേരത്തെ രാഷ്ട്രീയ കാര്യ സമിതി ഉപദേശക സമിതി മാത്രമാണെന്ന് പറഞ്ഞിരുന്നു. ഇതിലുള്ള അതൃപ്തിയും ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്.
അതേസമയം അച്ചടക്ക നടപടികള്‍ പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമാണോ എന്ന കാര്യം പരിശോധിക്കാന്‍ അച്ചടക്ക സമിതിയെ നിയോഗിക്കുന്ന കാര്യവും ചര്‍ച്ചയായി. വൈകാതെ തന്നെ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തും. മുതിര്‍ന്ന നേതാക്കളെ കൂടി വിശ്വാസത്തിലെടുത്ത് മാത്രമേ പുനസംഘടന നടത്താവൂ എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. താരിഖ് അന്‍വര്‍ വരുന്നതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് സൂചന.
ഇന്ന് തന്നെ അദ്ദേഹം കേരളത്തിലെത്തും. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് വിഡി സതീശന്‍ നേരത്തെ അറിയിച്ചട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് മുന്നോട്ട് പോവുകയാണ് കെപിസിസി നേതൃത്വം. ഇത് നടക്കാന്‍ പോകുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി സൂചിപ്പിക്കുന്നു.