തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശിയായ തേജസ് എന്നയാളാണ് മരിച്ചത്. രാജ്ഭവന്‍ ക്വാട്ടേഴ്‌സിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പോലിസ് എത്തി അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തേജസിന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ശ്രദ്ധിച്ച സുഹൃത്തുക്കളാണ് ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷണം നടത്തിയത്. ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് സ്റ്റാറ്റസിട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പില്‍ പരാമര്‍ശിക്കുന്നു. കുടുംബപ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് സൂചന.
ഗവര്‍ണര്‍ക്ക് രണ്ട് ഡ്രൈവര്‍മാരാണ് ഉള്ളത്. മരിച്ച തേജസ് വര്‍ഷങ്ങളായി ഗവര്‍ണറോടൊപ്പമുള്ളയാളാണ്. ശനിയാഴ്ച രാത്രി വരെയും ഗവര്‍ണറോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം.